ഡൽഹി: ഡൽഹിയിൽ നടന്ന ഹിന്ദു മഹാപഞ്ചായത്തിൽ മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയ വിവാദ സന്യാസി യതി നരസിംഹാനന്ദിനെതിരെ ഡൽഹി പൊലീസ് വീണ്ടും കേസ് എടുത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ, 188 വകുപ്പുകൾ പ്രകാരമാണ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതിനെതിരെയുള്ള വകുപ്പാണ് 153 എ ചുമത്തിയിരിക്കുന്നത്. ഇത് കൂടാതെ മാദ്ധ്യമപ്രവർത്തകരെ അവഹേളിച്ചതുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ കൂടി ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്ത്യയിൽ മുസ്ലിം വിഭാഗത്തിൽ നിന്ന് ഒരു പ്രധാനമന്ത്രി വന്നാൽ രാജ്യത്തെ 50 ശതമാനം ഹിന്ദുക്കളെ മതം മാറ്റുമെന്നും ബാക്കി 40 ശതമാനം പേരെ കൊന്നൊടുക്കുകയും ശേഷിക്കുന്ന 10 ശതമാനത്തെ അഭയാർത്ഥികളായി നാടുകടത്തുകയും ചെയ്യുമെന്നുമാണ് യതി നരസിംഹാനന്ദ് പറഞ്ഞത്. ഡൽഹിയിലെ ബുരാരി മൈതാനത്ത് വച്ച് നടന്ന ഹിന്ദു മഹാപഞ്ചായത്തിലായിരുന്നു ദസ്നാ ദേവി ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ യതി നരസിംഹാനന്ദിന്റെ വിവാദ പ്രസംഗം.