ഹൈദരാബാദ്: ബഞ്ചാര ഹിൽസിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ പബ്ബിൽ റേവ് പാർട്ടി നടത്തിയ വിഐപികളുടെയും നടന്മാരുടെയും രാഷ്ട്രീയക്കാരുടെയും മക്കൾ ഉൾപ്പെടെ 150 പേരെ ഹൈദരാബാദ് പൊലീസിന്റെ ടാസ്ക് ഫോഴ്സ് കസ്റ്റഡിയിൽ എടുത്തു. നടൻ നാഗ ബാബുവിന്റെ മകളും മെഗാസ്റ്റാർ ചിരഞ്ജീവിയുടെ അനന്തരവളും നടിയുമായ നിഹാരിക കൊണിഡേല, ബിഗ് ബോസ് തെലുങ്ക് റിയാലിറ്റി ഷോ വിജയിയും ഗായകനുമായ രാഹുൽ സിപ്ലിഗഞ്ചും പിടിയിലായവരിൽ ഉണ്ട്. ഫെബ്രുവരി 12 ന് ഹൈദരാബാദ് പൊലീസ് മയക്കുമരുന്നിനെതിരെ പ്രചാരണം ആരംഭിച്ചപ്പോൾ തീം സോങ് ആലപിച്ചത് രാഹുൽ സിപ്ലിഗഞ്ചായിരുന്നു. നടിയും അവതാരകയുമായ നിഹാരിക നടന്മാരായ അല്ലു അർജുന്റെയും രാംചരണന്റെയും കസിൻ കൂടിയാണ്.
കൊക്കെയ്ൻ, വീഡ് തുടങ്ങിയ നിരോധിത ഉൽപന്നങ്ങൾ ഇവരിൽ നിന്നും കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. അതേ സമയം തന്റെ മകൾക്ക് മയക്കുമരുന്നുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോ നാഗ ബാബു പുറത്തുവിട്ടിരുന്നു. കസ്റ്റഡിയിലായവരിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരു ഉന്നത പോലീസുകാരന്റെ മകളും തെലുങ്കുദേശം എംപിയുടെ മകനുമുണ്ടെന്നാണ് റിപ്പോർട്ടുകൾ ഉണ്ട്.