ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. യെച്ചൂരി നേതൃസ്ഥാനത്ത് നിന്ന് മാറേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി സിപിഎം കേന്ദ്ര നേതൃത്വം. യെച്ചൂരിയുടെ ബാക്കിയുള്ള ഒരു ടേമിനെ കുറിച്ച് വിവാദമില്ല.
പാർട്ടി കോൺഗ്രസ് നടക്കാനിരിക്കുന്നതിന് തൊട്ടു മുമ്പായാണ് തീരുമാനം വന്നിരിക്കുന്നത്. നേരത്തെ, 2018 -ൽ ഹൈദരാബാദിൽവച്ച് നടന്ന പാർട്ടി സമ്മേളനത്തിലാണ് യെച്ചൂരിയെ വീണ്ടും പാർട്ടി സെക്രട്ടറിയായി തീരുമാനിച്ചത്.
വിശാഖപട്ടണത്ത് പാർട്ടി കോൺഗ്രസ് നടന്നപ്പോള്‍ നീണ്ട തർക്കങ്ങൾക്ക് ഒടുവിലാണ് സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സീതാറാം യെച്ചൂരി എത്തിയത്. എസ്ആർപിയുടെ പേരും ശക്തമായി ഉയർന്ന പാർട്ടി കോൺഗ്രസിൽ അവസാന ദിനം മാത്രമാണ് യെച്ചൂരി നയിക്കട്ടെ എന്ന ധാരണയുണ്ടായത്.
സിപിഎം ജനറൽ സെക്രട്ടറിയായി യെച്ചൂരി തുടരുമെന്ന് മുതിർന്ന നേതാക്കൾ വ്യക്തമാക്കി. സംസ്ഥാന സമ്മേളനങ്ങളിലുയർന്ന വിവാദം കൂടി പരിഗണിച്ചാണ് നേതൃത്വം ഈ ധാരണയിൽ എത്തുന്നത്. പോളിറ്റ് ബ്യൂറോയിൽ നിന്ന് പ്രായപരിധിയുടെ അടിസ്ഥാനത്തിൽ മൂന്ന് നേതാക്കൾ ഒഴിവാകും. എസ് രാമചന്ദ്രൻ പിള്ള, ഹന്നൻ മൊള്ള, ബിമൻ ബസു എന്നിവരാകും ഒഴിവാകുക. കേരളത്തിൽ നിന്ന് എ വിജയരാഘവൻ പിബിയിൽ എത്തും എന്നാണ് സൂചന.