ചെന്നൈ: സിനിമയില്‍ അഭിനയിച്ചതിന് പറഞ്ഞ പ്രതിഫലം കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി നിര്‍മ്മാതാവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് തമിഴ് സൂപ്പർതാരം ശിവകാര്‍ത്തികേയന്‍. കോളിവുഡിലെ പ്രമുഖ ബാനര്‍ ആയ സ്റ്റുഡിയോ ഗ്രീനിന്‍റെ ഉടമ കെ ഇ ജ്ഞാനവേല്‍ രാജയ്ക്കെതിരെയാണ് ശിവകാര്‍ത്തികേയൻ ഉയർത്തുന്ന ആരോപണം. സ്റ്റുഡിയോ ഗ്രീന്‍ നിര്‍മ്മിച്ച്, താന്‍ നായകനായി 2019ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ലോക്കല്‍ എന്ന ചിത്രത്തില്‍ അഭിനയക്കുന്നതിന് തനിക്ക് നല്‍കാമെന്നേറ്റത് 15 കോടിയാണ് എന്നും പക്ഷെ ഇതില്‍ 11 കോടി മാത്രമേ ഇതുവരെ നല്‍കിയിട്ടുള്ളെന്നും ശിവകാര്‍ത്തികേയന്‍ ആരോപിക്കുന്നു. നല്‍കിയ 11 കോടിയുടെ ടിഡിഎസ് അടച്ചിരുന്നില്ലെന്നും ശിവകാര്‍ത്തികേയന്‍ വ്യക്തമാക്കുന്നു.
മിസ്റ്റര്‍ ലോക്കലിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാനായി ശിവകാര്‍ത്തികേയനും സ്റ്റുഡിയോ ഗ്രീനും തമ്മില്‍ കരാറായത് 2018 ജൂലൈ 6ന് ആയിരുന്നു. നല്‍കാമെന്നേറ്റ 15 കോടി തവണകളായി നല്‍കുമെന്നും അവസാന ഒരു കോടി സിനിമയുടെ റിലീസിനു മുന്‍പ് നല്‍കാമെന്നുമായിരുന്നു കരാര്‍. പക്ഷെ ഇതില്‍ 11 കോടി മാത്രമാണ് നല്‍കിയതെന്നും നല്‍കാനുള്ള 4 കോടിയുടെ കാര്യം പലകുറി ശ്രദ്ധയില്‍ പെടുത്തിയിട്ടും പണം ലഭിച്ചില്ലെന്നും ശിവകാര്‍ത്തികേയന്‍ വ്യക്തമാക്കുന്നു.