വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിയമനടപടി തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് സി.ജെ.പി. വിവിധ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ഥികളും മറ്റു പ്രതിഷേധക്കാരും സംസ്ഥാന ഏജന്‍സികളാല്‍ ലക്ഷ്യമിടപ്പെടുകയോ തടങ്കലില്‍ വയ്ക്കപ്പെടുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്യുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ടെന്നും ഇത് ആശങ്കയുണ്ടാക്കുന്നതാണെന്നും സി.ജെ.പി വക്താവ് പറഞ്ഞു. അസം, പശ്ചിമ ബംഗാള്‍, ബിഹാര്‍ തുടങ്ങി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ വ്യാപകമായി വരുന്നത്.
പ്രതിഷേധക്കാര്‍ക്കെതിരെ ഇപ്പോഴോ ഭാവിയിലോ ശിക്ഷാ നടപടികള്‍ സ്വീകരിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് കോക്രോച്ച് ജനതാ പാര്‍ട്ടി രാജ്യവ്യാപക പ്രതിഷേധം പിന്‍വലിച്ചിരുന്നത്. അതിനാല്‍ ഈ സംസ്ഥാനങ്ങളില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഗുരുതരമായ ആശങ്കയുണര്‍ത്തുന്നവയാണ്. തടങ്കലില്‍ വച്ചിരിക്കുന്നവരുടെ മോചനം ഉറപ്പാക്കുന്നതിനും സാധ്യമായ എല്ലാ നിയമസഹായങ്ങളും ലഭ്യമാക്കുന്നതിനുമായി തങ്ങളുടെ ലീഗല്‍ ടീം പ്രസ്തുത സംസ്ഥാനങ്ങളിലെ മികച്ച വക്കീലന്മാരുമായി ഇതിനകം ഏകോപനം നടത്തിവരികയാണെന്നും സൗരവ് ദാസ്് വ്യക്തമാക്കി.
തടവിലാക്കപ്പെട്ടവരുടെ മോചനവും ഒരു പ്രതിഷേധിക്കാരനെതിരെയും ബലപ്രയോഗമോ പ്രതികാര നടപടികളോ ഉണ്ടാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയതാണ്. ഇത് പാലിക്കാന്‍ തയ്യാറാവണം. മുഴുവന്‍ എഫ്ഐആറുകളും പിന്‍വലിക്കണം. ജൂലൈ 28 (ചൊവ്വ)നകം ഇത് സംബന്ധിച്ച് രേഖാമൂലമുള്ള ഉറപ്പ് തങ്ങള്‍ക്ക് നല്‍കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിക്കണം. തങ്ങള്‍ നല്‍കിയ വാക്ക് സര്‍ക്കാര്‍ പാലിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് രാജ്യവ്യാപക പ്രതിഷേധം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. ആ ഉറപ്പില്‍ നിന്നുള്ള ഏതൊരു പിന്മാറ്റവും കോക്രോച്ച് ജനതാ പാര്‍ട്ടിയോടുള്ള വഞ്ചന മാത്രമല്ല, പ്രതിഷേധത്തേക്കാള്‍ ഉപരി ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കിയ ലക്ഷക്കണക്കിന് ഇന്ത്യന്‍ യുവാക്കളോടുള്ള വിശ്വാസ വഞ്ചന കൂടിയായിരിക്കും. വിശ്വാസവഞ്ചന അടങ്ങുന്ന ഇത്തരമൊരു നിലപാട് യുവാക്കള്‍ക്ക് ഒട്ടും സ്വീകാര്യമായിരിക്കില്ല.
വെറുതെ വാഗ്ദാനങ്ങള്‍ നല്‍കുന്നതിലൂടെയല്ല, മറിച്ച് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിലൂടെയാണ് തങ്ങള്‍ക്ക് വിശ്വാസ്യത ലഭിക്കുന്നത് എന്ന് സര്‍ക്കാര്‍ ഓര്‍ക്കണം. തളരരുത്, തങ്ങള്‍ നിങ്ങളോടൊപ്പമുണ്ട് എന്നാണ് യുവ പ്രതിഷേധക്കാരോട് പറയാനുള്ളത്. സിജെപി നിലവിലെ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. നിലവിലെ സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്ന ഉത്തരവാദിത്തബോധം സര്‍ക്കാര്‍ കാണിക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്. തടവിലാക്കപ്പെട്ടവരെയും അറസ്റ്റ് ചെയ്യപ്പെട്ടവരെയും നാളെയോടെ മോചിപ്പിക്കണമെന്നും എല്ലാ എഫ്ഐആറുകളും ഉടനടി പിന്‍വലിക്കണം. അല്ലെങ്കില്‍ തങ്ങള്‍ തുടര്‍നടപടികളിലേക്ക് കടക്കുമെന്നും സൗരവ് ദാസ് മുന്നറിയിപ്പ് നല്‍കി.
















