കോട്ടയം: ബ്രഹ്മമംഗലത്തെ ഒരു കുടുംബത്തിലെ നാല് പേരുടെ കൂട്ട ആത്മഹത്യയിൽനിന്നു രക്ഷപ്പെട്ട് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു.
ബ്രഹ്മമംഗലം കാലായിൽ വീട്ടിൽ പരേതനായ സുകുമാരന്റെ ഇളയ മകൾ സുവർണയാണു (24) മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ മരിയ്ക്കുകയായിരുന്നു.
നവംബർ 8നു രാത്രി രാജൻ കവലയ്ക്ക് സമീപത്തുള്ള ഒറ്റമുറി വീട്ടിൽ താമസിക്കുന്ന കാലായിൽ സുകുമാരനും ഭാര്യയും മക്കളും ഉൾപ്പെടെ 4 പേർ ആസിഡ് കുടിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. സുകുമാരൻ (57), ഭാര്യ സീന (54), മൂത്തമകൾ സൂര്യ (27) എന്നിവർ മരിച്ചു. സുവർണ്ണ മാത്രം രക്ഷപ്പെട്ടിരുന്നു.
അന്നനാളത്തിനേറ്റ തകരാറിനെ തുടർന്ന് സുവർണയെ കഴിഞ്ഞ ഏഴിനു വീണ്ടും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. എന്നാൽ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുക ആയിരുന്നു.
പിറവം കാരൂർക്കാവ് സ്വദേശിയുമായി സൂര്യയുടെ വിവാഹ നിശ്ചയം ഒക്ടോബർ 10ന് ആയിരുന്നു. ഡിസംബർ 12 ന് വിവാഹം നടക്കാനിരിക്കെയാണു മരണം. വിവാഹത്തിനാവശ്യമായ ക്രമീകരണം ആരംഭിച്ചിരുന്നു. സുവർണ രാത്രി 11 മണിക്ക് സമീപത്തു താമസിക്കുന്ന ഇളയച്ഛൻ സന്തോഷിന്റെ വീട്ടിലെത്തി ആസിഡ് കഴിച്ച വിവരം പറയുമ്പോഴാണു സംഭവം പുറത്തറിയുന്നത്. 4 പേർ അടങ്ങുന്ന കുടുംബം ഒറ്റമുറി വീട്ടിലായിരുന്നു താമസം.
















