തിരുവനന്തപുരം വെമ്പായത്ത് ബാറിലുണ്ടായ സംഘർഷത്തിനിടെ പൊള്ളലേറ്റ ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെമ്പായം സ്വദേശി നൗഫലാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവാസ്, അനീഷ് എന്നിവർ നേരത്തെ മരിച്ചിരുന്നു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഘർഷത്തിനിടെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തിൽ മരിച്ച അനീഷ് തന്നെയാണ് പമ്പിൽ നിന്ന് പെട്രോൾ എത്തിച്ച് തീകൊളുത്തിയത്.
ബാറിൽ സുഹൃത്തുക്കൾക്കിടയിലുണ്ടായ തർക്കമാണ് അതിക്രമത്തിലേക്ക് എത്തിയത്. എല്ലാവരും മദ്യലഹരിയിലായിരുന്നു. അനീഷിനെതിരെ പൊലീസ് കൊലപാതക കുറ്റവും ചുമത്തി കേസെടുത്തിരുന്നു. പൊള്ളലേറ്റ റിയാസും കാപ്പ കേസ് പ്രതിയാണ്. ആക്രമണത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വെമ്പായം ഹോട്ടൽ ആൻഡ് റിസോർട്ട്സ്ന്റെ ഭാഗമായി പ്രവർത്തിക്കുന്ന ബാറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. പ്രതിയായ അനീഷ് സുഹൃത്തുക്കൾക്ക് മുകളിലേക്ക് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. അരുൺ, നൗഫൽ, റിയാസ്, ശ്യാം,നവാസ് എന്നിവർക്കാണ് സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റിരുന്നത്.
Story Highlights : Vembayam Bar clash case; one more person died
















