ലഖ്നൗ: യുപിയിൽ യോഗി ആദിത്യനാഥ് 2.0 ഭരണത്തില്‍ ക്രിമിനലുകള്‍ കൂട്ടത്തോടെ പൊലീസ് സ്റ്റേഷനുകളില്‍ കീഴടങ്ങുന്നതായി റിപ്പോർട്ടുകൾ. പൊലീസ് എന്‍കൗണ്ടറും വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുമെന്ന ഭീതിയെയും തുടര്‍ന്നാണ് ഗുണ്ടകളും റൗഡികളും പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുന്നത്. വാണ്ടഡ് ക്രിമിനലും ഒളിവില്‍ കഴിഞ്ഞതുമായ ഗൗതം സിങ് എന്നയാളാണ് ആദ്യം കീഴടങ്ങിയത്. തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പ്രതിയാണ് ഗൗതം. ഛപ്യ പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ കീഴടങ്ങിയത്. പിന്നീട് 23 ക്രിമിനലുകള്‍ സഹാറന്‍പുരിലെ ഛില്‍കാന പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയും ചെയ്തു.
പിന്നാലെ ദിയോബന്ദില്‍ നാല് മദ്യക്കടത്തുകാരും ഒടുവിൽ കീഴടങ്ങി. ഇനി മുതല്‍ ഒരു കുറ്റകൃത്യവും ചെയ്യില്ലെന്ന് ഇവര്‍ എഴുതിക്കൊടുത്തു. ഗോഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന 18 പ്രതികള്‍ താനഭവന്‍, ഗര്ഹിപുക്ത പൊലീസ് സ്റ്റേഷനുകളിലും കീഴടങ്ങി. യുപിയിലെ കുപ്രിസിദ്ധ കുറ്റവാണ് ഹിമാന്‍ഷു എന്ന ഹണിയും പിടികൊടുത്തു. കീഴടങ്ങുമ്പോള്‍ തന്നെ വെടിവെക്കരുതെന്ന് ഇയാള്‍ പൊലീസിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ഭരണത്തുടര്‍ച്ചക്ക് ശേഷം ഇതുവരെ 50 കുറ്റവാളികള്‍ കീഴടങ്ങിയെന്ന് എഡിജി പ്രശാന്ത് കുമാര്‍ പറഞ്ഞു. എന്‍കൗണ്ടറില്‍ രണ്ട് പേര് കൊല്ലപ്പെടുകയും പത്ത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കടുത്ത നടപടികള്‍ കാരണം സംസ്ഥാനത്തെ മുക്കിലും മൂലയിലുമുള്ള കുറ്റവാളികള്‍ ഇപ്പോൾ ഭയപ്പാടിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.