ഡൽഹി: സിറോ മലബാർ സഭയുടെ ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സുപ്രീംകോടതിയെ സമീപിച്ചതായി റിപ്പോർട്ടുകൾ. സിറോ മലബാർ സഭ കൈമാറിയത് സർക്കാർ ഭൂമിയാണോയെന്നന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊലീസിനോട് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഈ അന്വേഷണം സ്റ്റേ ചെയ്യണമെന്നാണ് കർദിനാളിന്റെ ആവശ്യം.
ഭൂമിയുടെ സ്വഭാവം സംബന്ധിച്ച സംശയത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പള്ളി വക സ്വത്തുക്കളെ സംബന്ധിച്ച് ഹൈക്കോടതിക്ക് അന്വേഷണത്തിന് ഉത്തരവിടാൻ കഴിയില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. കാക്കനാട് ഒന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസുകളുടെ നടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.