മലയാള സിനിമയിൽ നിലവിൽ ഹേറ്റേഴ്സ് ഇല്ലാത്ത പ്രിയ നടന്മാരിൽ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. താൻ അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ ലഭിച്ച ഇമേജിനെ പോറലേല്‍പ്പിക്കുന്നതൊന്നും വ്യക്തിപരമായും അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവാറില്ല എന്നതാണ് അതിനു പ്രധാന കാരണം. ചാക്കോച്ചന്‍ എന്ന് അദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്ന ആരാധകരില്‍ പല പ്രായക്കാരുണ്ട്. നായകനായി കുഞ്ചാക്കോ ബോബന്‍ അരങ്ങേറ്റം കുറിച്ചിട്ട് 25 വര്‍ഷങ്ങള്‍ പിന്നിടുകയാണ് ഇന്ന്. ഫാസിലിന്‍റെ സംവിധാനത്തില്‍ പിന്നീട് ട്രെന്‍ഡ് സെറ്റര്‍ ആയി മാറിയ അനിയത്തിപ്രാവ് തിയറ്ററുകളിൽ എത്തിയത് 1997 മാര്‍ച്ച് 26ന് ആയിരുന്നു.
കേരളത്തിലെ ആദ്യകാല സിനിമാ സ്റ്റുഡിയോ ആലപ്പുഴയിലെ ഉദയാ സ്റ്റുഡിയോയുടെ സഹ സ്ഥാപകന്‍ കുഞ്ചാക്കോയുടെ ചെറുമകന് സിനിമ എന്നത് ഒരു സ്വാഭാവിക വഴി തന്നെ ആയിരുന്നു. ഫാസിലിന്‍റെ തന്നെ സംവിധാനത്തില്‍ 1981ല്‍ പുറത്ത് എത്തിയ ധന്യ എന്ന ചിത്രത്തില്‍ ബാലതാരമായാണ് കുഞ്ചാക്കോ ബോബന്‍ ആദ്യമായി ക്യാമറയ്ക്കു മുന്നില്‍ എത്തുന്നത്. പിന്നീട് 16 വര്‍ഷങ്ങള്‍ക്കിപ്പുറം നവാഗതരെ വച്ച് ഒരു പ്രണയചിത്രം ഒരുക്കേണ്ടിവന്നപ്പോള്‍ ആലപ്പുഴക്കാരന്‍ തന്നെയായ ഫാസിലിന്‍റെ മനസിലേക്ക് ഇരുപതുകാരനായ ചാക്കോച്ചന്‍റെ മുഖം എത്തി. വൈഡ് റിലീസിംഗ് ഒന്നും ഇല്ലാതിരുന്ന കാലത്ത് എ ക്ലാസ് സെന്‍ററുകളില്‍ ആദ്യ ദിനങ്ങളില്‍ത്തന്നെ മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്. ഇമോഷണല്‍ രംഗങ്ങളും ഹ്യൂമറിന്റെ പശ്ചാത്തലവും ഔസേപ്പച്ചന്‍ ഒരുക്കിയ ഗാനങ്ങളുമൊക്കെ ജനം ഏറ്റെടുക്കുകയും ചെയ്തു. അക്കാലത്ത് ഏറ്റവുമധികം ഓഡിയോ കാസറ്റുകള്‍ വിറ്റുപോയ ഒരു ചിത്രവുമായിരുന്നു അനിയത്തിപ്രാവ്. മൗത്ത് പബ്ലിസിറ്റിയില്‍ മുന്നിൽ എത്തിയ ചിത്രം ബി, സി ക്ലാസ് തിയറ്ററുകളിലും പ്രേക്ഷകരെ എത്തിച്ചതോടെ ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറി. ഫാസിലിന്‍റെയും ചാക്കോച്ചന്‍റെയും ഫിലിമോഗ്രഫിയില്‍ എക്കാലത്തെയും മികച്ച വിജയങ്ങളുടെ പട്ടികയില്‍ അനിയത്തിപ്രാവ് ഇടം നേടുകയും ചെയ്തു. പ്രിയ നടൻ സിനിമയിൽ 25 വർഷങ്ങൾ പൂർത്തിയാക്കിയ നിറവിൽ നിൽക്കുമ്പോൾ നിരവധി താരങ്ങളും ആശംസകളുമായി എത്തിയിട്ടുണ്ട്.” ഏത്… 25 വയസ്സ് തോന്നിക്കുന്ന ഈ പയ്യൻ ആണോ 25 വർഷം തികച്ചു എന്ന് പറയുന്നേ” എന്ന് നമ്മുടെ സ്വന്തം ആന്റണി പെപ്പെ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുകയും ചെയ്തു.