ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ചൈനയുടെ പിന്മാറ്റം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ. ചൈനീസ് സൈനികരുടെ പ്രവര്‍ത്തികള്‍ മൂലം ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം അസ്വസ്ഥമാണെന്നും സ്ഥിതിഗതികള്‍ പരിഹരിക്കുന്നത് വരെ ബന്ധം സാധാരണ നിലയിലാകില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ അറിയിച്ചു.
ചൈനയുമായുള്ള അതിര്‍ത്തി പ്രദേശങ്ങളിലെ ശാന്തിയും സമാധാനവും സമാധാനവുമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സുസ്ഥിര ബന്ധത്തിന്റെ അടിത്തറയെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അതിർത്തിയിലെ പ്രശ്നം പരിഹരിക്കുന്നതിന് സൈനിക-നയന്ത്രതലത്തിൽ 15ഓളം പ്രാവശ്യം ചർച്ചകൾ ചൈനയുമായി നടത്തിയിരുന്നു. അന്ന് ഉരുത്തിരിഞ്ഞ ധാരണകളെല്ലാം ചൈന ലംഘിച്ചു. ഈ വീഴ്ചകളെക്കുറിച്ചും വാംഗ് യെ അറിയിച്ചതായും ജയശങ്കർ പറഞ്ഞു.
അതിര്‍ത്തി തര്‍ക്കത്തിന് ശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങളുടെയും വിദേശ കാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യ-ചൈന ബന്ധം ഇപ്പോഴും സാധാരണ നിലയിലെത്തിയിട്ടില്ലെന്ന് കൂടിക്കാഴ്ചയില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചൂണ്ടിക്കാട്ടി. അത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ചൈനയുടെ പിന്മാറ്റം വേഗത്തിലാക്കണം. പാംഗോഗ്, ഗോഗ്ര, ഹോട്ട്സ്പ്രിംഗ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള ചൈനയുടെ പിന്മാറ്റത്തിന് ഇന്ത്യ ഉദ്ദേശിച്ച വേഗതയില്ല. നേരത്തെ നടന്ന നയതന്ത്ര സൈനിക തല ചര്‍ച്ചകളിലെ ധാരണ ലംഘിച്ചതിലുള്ള അതൃപ്തിയും കൂടിക്കാഴ്ചയില്‍ ഇന്ത്യ അറിയിച്ചു. ഉഭയകക്ഷി ബന്ധത്തില്‍ സ്ഥിരതയും വ്യക്തതയും വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഇസ്ലലമാബാദും അഫ് ഗാനിസ്ഥാനും സന്ദര്‍ശിച്ച ശേഷമാണ് ചൈനീസ് വിദേശ കാര്യമന്ത്രി വാങ് യീ ഇന്ത്യയിലെത്തിയത്. ഇവിടങ്ങളിലെ യാത്രാ പദ്ധതിയടക്കം രഹസ്യമാക്കി വയക്കേണ്ടതിനാല്‍ ചൈനയുടെ അഭ്യർത്ഥന മാനിച്ചാണ് സന്ദര്‍ശനം പരസ്യപ്പെടുത്താത്തതെന്നും വിദേശ കാര്യമന്ത്രി അറിയിച്ചു. ജമ്മുകാശ്മീര്‍ വിഷയത്തില്‍ ചില മുസ്ലീം സുഹൃത്തുക്കള്‍ പങ്കുവച്ച വികാരമാണ് ചൈനക്കെന്ന് ഇസ്ലമാബാദില് നടന്ന ഒഐസി യോഗത്തില്‍ വാങ് യീ നടത്തിയ പരമാര്‍ശത്തിലും ഇന്ത്യ കടുത്ത അതൃപ്തി രേഖപ്പെടുത്തി.