തിരുവനന്തപുരം: മുതിർന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ (77) അന്തരിച്ചു. വെന്പായത്തെ വസതിയിലായിരുന്നു അന്ത്യം. ഹൃദ്രോഗത്തെ തുടർന്നു കഴിഞ്ഞ അഞ്ച് വർഷമായി വിശ്രമത്തിലായിരുന്നു.
1977ൽ കഴക്കൂട്ടത്ത് നിന്നാണ് ബഷീർ നിയമസഭയിൽ എത്തുന്നത്. ചിറയൻകീഴിൽ നിന്ന് രണ്ടുതവണ ലോക്‌സഭാ അംഗമായി. കെപിസിസി ജനറൽ സെക്രട്ടറി, ഡിസിസി പ്രസിഡണ്ട് തുടങ്ങി നിരവധി പദവികൾ വഹിച്ച ബഷീർ നടൻ പ്രേം നസീറിന്റെ സഹോദരി ഭർത്താവ് കൂടിയാണ്. എ കെ ആന്റണിയെ മുഖ്യമന്ത്രിയാക്കാൻ വേണ്ടി നിയമസഭയില്‍ നിന്ന് എംഎൽഎ സ്ഥാനം രാജിവെച്ചിട്ടുണ്ട്.
1945ൽ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിനു സമീപമുള്ള തലേക്കുന്നു ഗ്രാമത്തിൽ ജനിച്ചു. തിരുവനന്തപുരം ഇവാനിയോസ് കോളജ്, ലോ കോളേജ് എന്നിവിടങ്ങിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. വിദ്യാര്‍ഥികാലം മുതല്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. 1972 മുതൽ 2015 വരെ കെപിസിസിയുടെ നിർവാഹക സമിതി അംഗമായിരുന്നു.

















