ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിക്കുള്ള സാമൂഹികാഘാത പഠനത്തിനായി നടത്തുന്ന സര്‍വേയ്ക്ക് എതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി. സര്‍വ്വേ നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപെട്ടിട്ടുണ്ട്. ഹര്‍ജി അടുത്ത ആഴ്ച കോടതിയുടെ പരിഗണനയ്ക്ക് വന്നേക്കും.
ആലുവ സ്വദേശി സുനില്‍ ജെ. അറകാലനാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സുനിലിന്റെ വസ്തുവില്‍ സര്‍വേയുടെ ഭാഗമായി കുറ്റികള്‍ സ്ഥാപിച്ചിരുന്നു. സാമൂഹികാഘാത പഠനത്തിനു മുന്നോടിയായുള്ള സര്‍വേ തുടരാമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരേയാണ് ഹര്‍ജി. 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടാണ് സര്‍വ്വേ നടക്കുന്നതെന്ന് ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
അതിനിടെ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അനുമതിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിലെത്തി കൂടിക്കാഴ്ച നടത്തി. പദ്ധതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുമ്പോഴാണ് മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിയെ കണ്ടത്. പദ്ധതി സംബന്ധിച്ച കേരളത്തിന്റെ ആവശ്യം പ്രധാനമന്ത്രി നരേന്ദ്രമോദി അനുഭാവപൂർവ്വം കേട്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം പ്രധാനമന്ത്രിയും റയിൽവേ മന്ത്രിയും ചർച്ച നടത്തി.
എന്തൊക്കെ എതിര്‍പ്പുയര്‍ന്നാലും സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്‍പോട്ട് പോകുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. എന്നാല്‍ കേന്ദ്രത്തിന്‍റെ തത്വത്തിലുള്ള അനുമതി മാത്രമാണ് ഇപ്പോള്‍ പദ്ധതിക്കുള്ളത്. ഈ അനുമതിയുടെ ബലത്തിലാണ് സര്‍ക്കാര്‍ നടപടികള്‍ നീക്കുന്നത്. അന്തിമ അനുമതി നല്‍കരുതെന്ന് ബിജെപിയും യുഡിഎഫും കേന്ദ്രത്തോടാവശ്യപ്പെട്ടിട്ടുണ്ട്.

















