മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) നൽകിയ മൊഴി തിരുത്തി കരിമണൽ കമ്പനിയായ സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്ത. അന്വേഷണ ഏജൻസിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് മൊഴി പിൻവലിക്കാൻ അദ്ദേഹം കോടതിയിൽ അപേക്ഷ നൽകി. ശശിധരൻ കർത്തയ്ക്ക് വേണ്ടി സഹോദരൻ അജിത്താണ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.
ഇ.ഡി ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ച് തന്റെ വിരലടയാളം രേഖകളിൽ പതിപ്പിക്കുകയായിരുന്നുവെന്ന് ശശിധരൻ കർത്ത ആരോപിക്കുന്നു. രോഗബാധിതനായി ആശുപത്രി കിടക്കയിൽ കഴിയുമ്പോഴാണ് ഇ.ഡി തന്നോട് ചോദ്യം ചെയ്യൽ നടത്തിയത്.
കമ്പനിയിലെ മറ്റ് ഉദ്യോഗസ്ഥർ ഇ.ഡിക്ക് നൽകിയ മൊഴികൾ എന്തൊക്കെയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
സേവനമില്ലാതെ, ടി വീണയ്ക്ക് പണം നൽകിയെന്ന് ശശിധരൻ കർത്ത സമ്മതിച്ചെന്നാണ് ഇഡി വാദം. ഇത് അടക്കം തള്ളുന്നതാണ് ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം. 2024 ഏപ്രിലിൽ ഇഡി എടുത്ത മൊഴി പിൻവലിക്കണമെന്ന് ശശിധരൻ കർത്ത ആവശ്യപ്പെട്ടു.
















