ഡൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിയെ നേരിൽ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയാണ് പിണറായി പ്രധാനമന്ത്രിയെ കണ്ടത്. തുടർന്ന് വൈകിട്ട് മാദ്ധ്യമങ്ങളെ കാണുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രക്ഷോഭങ്ങളെ മറികടന്ന് സംസ്ഥാന സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സിൽവർ ലൈൻ പദ്ധതിക്ക് അംഗീകാരം തേടുന്നതുമായി ബന്ധപ്പെട്ട ചർച്ച കൂടിക്കാഴ്ചയിൽ നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്.
അതേസമയം, കേരളത്തിൽ കെ-റെയിൽ പദ്ധതിക്കെതിരെ വലിയ ജനരോഷമുയരുന്ന സാഹചര്യത്തിൽ അതിരടയാള കല്ലുകൾ നിഷേപിക്കാൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ സർവ്വെക്കല്ലുകൾ പോലും പതിക്കാനാകാതെ സർക്കാർ ഇതോടെ വെട്ടിലായി. ഈ ഘട്ടത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ നേരിൽക്കണ്ട് വിഷയം അവതരിപ്പിച്ചിരിക്കുന്നത്.
കെ- റെയിലിന് പുറമേ ശബരിമല വിമാനത്താവളം, ദേശീയ പാതാ വികസനം തുടങ്ങിയ കാര്യങ്ങളിലും കേന്ദ്രത്തോട് സഹായം അഭ്യർത്ഥിച്ചിരിക്കാമെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.