ബെംഗളൂരു; അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിലെ മലയാളി മാധ്യമപ്രവർത്തക ശ്രുതി വീടിനുള്ളിൽ മരിച്ച നിലയിൽ. കാസർഗോഡ് സ്വദേശിയായ ശ്രുതിയെ ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. റോയിട്ടേഴ്സ് ബെംഗളൂരു ഓഫീസിൽ സബ് എഡിറ്ററായിരുന്നു ശ്രുതി.
ബെംഗളൂരു നല്ലൂറഹള്ളി മെഫെയറിലെ അപ്പാർട്ട്മെന്റിലായിരുന്നു ശ്രുതിയും ഭർത്താവ് അനീഷും താമസിച്ചിരുന്നത്. അനീഷ് നാട്ടിൽ പോയ സമയത്തായിരുന്നു സംഭവം. നാട്ടിൽനിന്ന് അമ്മ ഫോൺ വിളിച്ചിട്ട് ലഭിച്ചില്ല. തുടർന്ന് ബെംഗളൂരുവിൽ എൻജിനീയറായ സഹോദരൻ നിശാന്ത് അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റിയോട് ഫോണിൽ ബന്ധപ്പെട്ടതോടെയാണ് മുറിയിലെത്തി പരിശോധിച്ചത്. ഈ സമയം മുറി അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. അപ്പാർട്ട്മെന്റ് തുറന്നു പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളിൽ ശ്രുതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
അതേസമയം, ശ്രുതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത് എത്തി. ദുരൂഹത നീക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കൾ വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അഞ്ചുവർഷം മുൻപായിരുന്നു ശ്രുതിയുടെ വിവാഹം നടന്നത്. വിദ്യാനഗർ ചാല റോഡിൽ താമസിക്കുന്ന മുൻ അധ്യാപകനും പരിസ്ഥിതിപ്രവർത്തകനുമായ നാരായണൻ പേരിയയുടെയും മുൻ അധ്യാപിക സത്യഭാമയുടെയും മകളാണ്.