തൃണമൂൽ കോൺഗ്രസ് നേതാവിൻറെ കൊലപാതകത്തിന് മണിക്കൂറുകൾക്ക് പിന്നാലെ ഉണ്ടായ രാഷ്ട്രീയ സംഘർഷത്തിൽ പത്ത് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. എട്ട് പേരുടെ അഗിനിക്കിരയായ മൃതദേഹം കണ്ടെത്തി. ഒരേ കുടുംബത്തിലെ 7 പേർ അടക്കമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. പശ്ചിമ ബംഗാളിലെ ഭിർഭും ജില്ലയിലാണ് സംഭവം. ഇന്നലെ രാത്രിയാണ് ഭർഷാർ ഗ്രാമത്തിലെ പഞ്ചായത്ത് പ്രധാനും തൃണമൂൽ കോൺഗ്രസ് നേതാവുമായ ഭാധു ഷേയ്ഖ് കൊല്ലപ്പെട്ടത്.തൃണമൂൽ കോൺഗ്രസിലെ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളാണ് സംഘർഷത്തിന് പിന്നിലെന്നാണ് സൂചന. രാത്രി മുതലുണ്ടായ അക്രമത്തിൽ 12 വീടുകൾ വരെ അഗ്നിക്കിരയായതായാണ് സൂചന.
മുപ്പത്തിയെട്ട് വയസ് മാത്രം പ്രായമുള്ള ഭാധു ഷേയ്ഖ് ഈ മേഖലയിലെ പ്രമുഖ നേതാവായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ചായക്കടയിൽ ഇരുന്ന ഇയാൾക്കെതിരെ അക്രമി സംഘം പെട്രോൾ ബോംബ് എറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ഭാധു ഷെയ്ഖിൻറെ ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകത്തിന് പിന്നാലെ ഇയാളുടെ അനുയായികൾ അക്രമികളെന്ന് സംശയമുള്ളവരുടെ വീടുകൾക്ക് തീ വയ്ക്കുകയാണെന്നാണ് ബിജെപി പ്രവർത്തകർ ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തതായി ബംഗാൾ ഡിജിപി വിശദമാക്കി.