രണ്ട് മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ മൈക്രോ വേവ് ഓവനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ദക്ഷിണ ദില്ലിയിലെ ചിരാഗ് ദില്ലി മേഖലയിൽ തിങ്കളാഴ്ചയാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം 3.15ഓടെയാണ് കുഞ്ഞിൻറെ മൃതദേഹം കണ്ടെത്തിയതെന്ന് ദക്ഷിണ ദില്ലി ഡെപ്യൂട്ടി കമ്മീഷണർ ബെനിറ്റ മേരി ജയ്ക്കർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കി. സാധ്യമായ എല്ലാവിധത്തിലും അന്വേഷണം നടക്കുന്നതായും അവർ വ്യക്തമാക്കി.
ഗുൽഷൻ കൌശിക്, ഡിംപിൾ കൌശിക് ദമ്പതികളുടെ രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനാണ് ദാരുണാന്ത്യം സംഭവിച്ചത്.ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സംഭവത്തിൽ കൊലപാതകത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുഞ്ഞിൻറെ അമ്മയെയാണ് സംഭവത്തിൽ പ്രാഥമികമായി സംശയിക്കുന്നതെന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്.
പെൺകുട്ടിയുടെ ജനനത്തിൽ അമ്മ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായാണ് സൂചന. അനന്യ എന്നാണ് കൊല്ലപ്പെട്ട പെൺകുഞ്ഞിൻറെ പേര്. ജനുവരിയിലാണ് കുഞ്ഞ് ജനിച്ചത്. ഈ സമയം മുതൽ തന്നെ രക്ഷിതാക്കൾ അസ്വസ്ഥരായിരുന്നു. കുഞ്ഞിൻറെ അമ്മ വീട്ടിനകത്ത് അടച്ചിരിക്കുന്നതിൽ സംശയം തോന്നിയ അമ്മായിഅമ്മയാണ് വീട്ടിൽ പ്രശ്നമുണ്ടെന്ന് അയൽക്കാരെ അറിയിച്ചത്.