ദുബായ് : ഓരോ വർഷവും ജിസിസിയിലും ഇന്ത്യയിലുമുള്ള അർഹരായ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രാപ്യമായ രീതിയിൽ മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കി പ്രതിജ്ഞാബദ്ധത നിലനിർത്തുന്ന ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ സ്ഥാപക ചെയർമാനും, മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് ദുബായിലെ അമിറ്റി യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. മാർച്ച് 10 ന് ദുബായിലെ അമിറ്റി യൂണിവേഴ്‌സിറ്റി കാമ്പസിൽ നടന്ന ബിരുദദാന ചടങ്ങിലാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്.
1987ൽ ദുബായിൽ ഒരൊറ്റ ക്ലിനിക്കിൽ ഡോ. മൂപ്പൻ പ്രാക്ടീസ് ആരംഭിച്ചതുമുതൽ, ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ഡിഎൻഎയിൽ സമൂഹത്തിന് തിരികെ നൽകുക എന്ന ആശയം രൂപപ്പെട്ടിരുന്നു. രാവിലെ മുതൽ രാത്രി വരെ സൗജന്യമായി രോഗികളെ കാണാൻ അദ്ദേഹം ആഴ്ചയിൽ ഒരു ദിവസം നീക്കിവെക്കുമായിരുന്നു. കഴിഞ്ഞ 35 വർഷമായി, ആസ്റ്റർ, ആക്സസ്, മെഡ്കെയർ ബ്രാൻഡുകളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും പ്രൈമറി, ക്വാട്ടേണറി മെഡിക്കൽ പരിചരണം നൽകുന്ന ഒരു ആഗോള ആരോഗ്യ സംരക്ഷണ സ്ഥാപനമായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഉയർന്നുവന്നിട്ടുണ്ട്. ഇന്ന്, ഹെൽത്ത് കെയർ ഗ്രൂപ്പിന് 27 ആശുപത്രികൾ, 118 ക്ലിനിക്കുകൾ, 66 ലാബുകൾ എന്നിവയുൾപ്പെടെ 7 രാജ്യങ്ങളിലായി 535 സ്ഥാപനങ്ങളുണ്ട്.
ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന മനുഷ്യസ്നേഹിയായ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ, ഡോ. മൂപ്പൻ ഫാമിലി ഫൗണ്ടേഷൻ എന്നിവയിലൂടെ നിരവധി സാമൂഹിക സേവന ഉദ്യമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, സാമൂഹിക ശാക്തീകരണം എന്നീ മേഖലകളിലെ അദ്ദേഹത്തിന്റെ ഉദ്യമങ്ങൾ ലോകത്തെല്ലായിടത്തുമുളള ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രതീക്ഷ നൽകുന്നതാണ്. തന്റെ സ്വകാര്യ സമ്പത്തിന്റെ 20 ശതമാനം സാമൂഹിക മാറ്റം പ്രാപ്തമാക്കുന്നതിനും, അർഹരായ ആളുകളെ സഹായിക്കുന്നതിനും വേണ്ടിയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി അദ്ദേഹം നീക്കിവച്ചിരിക്കുകയാണ്. സഹായം ആവശ്യമുള്ളവരെയും, സഹായിക്കാൻ സന്നദ്ധമായവരെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് 2017-ലാണ് അദ്ദേഹം ആസ്റ്റർ വോളണ്ടിയേഴ്‌സ് ഗ്ലോബൽ സിഎസ്ആർ പ്രോഗ്രാം ആരംഭിച്ചത്. ഇന്ന്, ഇന്ത്യ, സൊമാലിയ, സുഡാൻ, ജോർദാൻ, ഫിലിപ്പീൻസ്, ഒമാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ 3.5 ദശലക്ഷം ജീവിതങ്ങൾക്ക് സഹായ ഹസ്തമെത്തിച്ച ആസ്റ്റർ വോളണ്ടിയേഴ്‌സിൽ 42,000 സന്നദ്ധപ്രവർത്തകരാണ് കർമ്മനിരതരായിട്ടുള്ളത്.
കഴിഞ്ഞ 5 പതിറ്റാണ്ടുകളായി, ജനങ്ങൾക്ക് പ്രാപ്യമായ ചെലവിൽ ഗുണമേന്മയുള്ള ആരോഗ്യപരിചരണം ലഭ്യമാക്കാനാണ് ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആരോഗ്യ സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്നതിനാൽ ദിവസവും ആളുകളുടെ ജീവിതത്തെ അക്ഷരാർത്ഥത്തിൽ സ്പർശിക്കാൻ സാധിക്കുകയും, പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് ആരോഗ്യ പരിചരണം ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത നേരിട്ട് അറിയുകയും ചെയ്യുന്നതായി ഡോക്ടറേറ്റ് സ്വീകരിച്ചുകൊണ്ട് സംസാരിച്ച ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. വിവിധ ഉദ്യമങ്ങളിലൂടെ ഇത് പ്രാവർത്തികമാക്കാൻ ഞങ്ങൾ സജീവമായി ശ്രമിക്കുന്നുണ്ട്. അമിറ്റി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഈ അഭിമാനകരമായ ബിരുദം നേടാനായത് വലിയ അംഗീകാരമായി ഞാൻ കാണുന്നു. ഇത് ലോകമെമ്പാടുമുള്ള കൂടുതൽ ആളുകൾക്ക് സേവിക്കുന്നത് തുടരാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയെ ഊട്ടിയുറപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
”ഈ മേഖലയിലെ മുൻനിര നേതാക്കളുടെയും, നൂതനമായ ആശയങ്ങളുടെ പ്രയോക്താക്കളുടെയും സാന്നിധ്യത്താൽ സമ്പന്നമായ ഇത്തവണത്തെ ബിരുദദാന ചടങ്ങ് ഏറെ ഗംഭീരമായി ആഘോഷിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഡോ. ആസാദ് മൂപ്പന് ഡോക്ടറേറ്റ് സമ്മാനിച്ചുകൊണ്ട് സംസാരിച്ച അമിറ്റി യൂണിവേഴ്‌സിറ്റി ചാൻസലർ ഡോ. അതുൽ ചൗഹാൻ പറഞ്ഞു. ആഗോള ആരോഗ്യ സംരക്ഷണ വ്യവസായത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച ദീർഘവീക്ഷണമുള്ള നേതൃമുഖമായ ഡോ. ആസാദ് മൂപ്പന് ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കാനായത് ഞങ്ങൾക്ക് ലഭിച്ച ബഹുമതിയായി കാണുന്നു. തുടർച്ചയായ മികവ്, ഉന്നത പ്രൊഫഷണലിസം, കരുതൽ, അനുകമ്പ എന്നീ ഗുണങ്ങളെല്ലാം ചേർന്ന വ്യക്തിത്വമാണ് ഡോ. മൂപ്പനെന്നും അദ്ദേഹം വ്യക്തമാക്കി.ഇതിനകം നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ഡോ. ആസാദ് മൂപ്പനെ തേടിയെത്തിയിട്ടുണ്ട്. 2011-ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ പ്രവാസി ഭാരതീയ സമ്മാൻ, പത്മശ്രീ എന്നിവ നൽകി ആദരിച്ചു.