സംവിധായകനും നടനുമായ സോഹൻ സീനുലാൽ (Sohan Seenulal) വിവാഹിതനായി. സ്റ്റെഫി ഫ്രാൻസിസ് ആണ് വധു. കൊച്ചിയിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായിരുന്നു ക്ഷണം.
സിദ്ദിഖ് ലാലിൻറെ സംവിധാനത്തിൽ 1994ൽ പുറത്തെത്തിയ കാബൂളിവാലയിലൂടെ ബാലതാരമായാണ് സോഹൻ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ഷാഫിയുടെ അസിസ്റ്റൻറ് ആയി സംവിധാന രംഗത്തേക്ക് എത്തി. മമ്മൂട്ടി നായകനായി 2011ൽ പുറത്തെത്തിയ ഡബിൾസ് എന്ന ചിത്രമാണ് സംവിധായകനായുള്ള അരങ്ങേറ്റ ചിത്രം. തുടർന്ന് വന്യം, അൺലോക്ക് എന്നീ സിനിമകളും സംവിധാനം ചെയ്‍തു.
എബ്രിഡ് ഷൈനിൻറെ ആക്ഷൻ ഹീറോ ബിജുവിൽ സോഹൻ അവതരിപ്പിച്ച വേഷം ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് പുതിയ നിയമം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, തോപ്പിൽ ജോപ്പൻ, ഗ്രേറ്റ് ഫാദർ, കെയറോഫ് സൈറ ബാനു, പരോൾ, ഡ്രൈവിംഗ് ലൈസൻസ്, ഉണ്ട, അബ്രഹാമിൻറെ സന്തതികൾ, പഞ്ചവർണ്ണ തത്ത, ദ് പ്രീസ്റ്റ്, ബ്രോ ഡാഡി തുടങ്ങി നാൽപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. നൈറ്റ് ഡ്രൈവ് ആണ് അഭിനയിച്ചവയിൽ അവസാനം പുറത്തെത്തിയ ചിത്രം. നിലവിൽ ഫെഫ്ക വർക്കിംഗ് ജനറൽ സെക്രട്ടറി കൂടിയാണ് സോഹൻ.