രാഷ്ട്രീയത്തിൽ നിന്നും വിരമിക്കും എന്ന റിപ്പോർട്ടുകൾ നൽകി കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ്. സമൂഹത്തിൽ സേവനം നടത്തുന്നതിന് രാഷ്ട്രീയം വേണമെന്നില്ല. ഇന്ത്യയിലെ രാഷ്ട്രീയം മോശം അവസ്ഥയിലാണ്. തന്റേത് ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളും ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നുവെന്നും ഗുലാംനബി ആസാദ് വ്യക്തമാക്കി. പദ്മഭൂഷണ്‍ ബഹുമതി ലഭിച്ച ഗുലാംനബി ആസാദിനെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. കോണ്‍ഗ്രസിലെ ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങള്‍ക്കിടെയാണ് ഗുലാംനബി ആസാദിന്റെ പ്രതികരണം.
ആസാദിന്റെ വാക്കുകൾ…..
“സമൂഹത്തിൽ നമ്മള് മാറ്റം കൊണ്ടുവരണം. ഞാന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചെന്നും സാമൂഹ്യ സേവനം തുടങ്ങിയെന്നും നിങ്ങള്‍ ചിലപ്പോള്‍ പെട്ടെന്നൊരു ദിവസം അറിഞ്ഞാല്‍ അതുവലിയ കാര്യമല്ല”- ഗുലാംനബി ആസാദ് വ്യക്തമാക്കി. 35 മിനിറ്റ് നീണ്ട പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ താൻ രാഷ്ട്രീയ പ്രസംഗം നടത്തില്ലെന്ന് ഗുലാംനബി ആസാദ് വ്യക്തമാക്കി- “ഇന്ത്യയിലെ രാഷ്ട്രീയം വളരെ വൃത്തികെട്ടതായി മാറിയിരിക്കുന്നു. ചിലപ്പോൾ നമ്മൾ മനുഷ്യരാണോ എന്നുവരെ സംശയിക്കേണ്ടതുണ്ട്. മനുഷ്യരുടെ ശരാശരി ആയുസ്സ് ഇപ്പോൾ 80-85 വർഷമാണ്. വിരമിക്കലിന് ശേഷമുള്ള 20-25 വർഷം രാഷ്ട്രനിർമാണത്തിന് സംഭാവന ചെയ്യാൻ വ്യക്തികൾ ഉപയോഗപ്പെടുത്തണം. എങ്കില്‍ രാജ്യം മുഴുവൻ നവീകരിക്കപ്പെടും”- ഗുലാംനബി ആസാദ് വ്യക്തമാക്കി.