അര്‍ബുദങ്ങളില്‍ സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുകയും സ്ത്രീകള്‍ക്കിടയില്‍ അര്‍ബുദം മൂലമുള്ള മരണനിരക്കില്‍ രണ്ടാമതായി മുന്നില്‍ നില്‍ക്കുകയും ചെയ്യുന്നത് സ്തനാര്‍ബുദമാണ്. പലപ്പോഴും ഇത്തരമൊരു സങ്കീര്‍ണതയിലേക്ക് രോഗിയെ എത്തിക്കുന്നത്, സ്തനാര്‍ബുദം സമയബന്ധിതമായി തിരിച്ചറിയുന്നതിനും ചികിത്സ തേടുന്നതിനും വൈകുന്നത് മൂലമാണ്.
അതിനാല്‍ തന്നെ സ്തനാര്‍ബുദത്തെ സയമത്തിന് തിരിച്ചറിയേണ്ടതും നേരത്തേ ചികിത്സ തേടേണ്ടതും അത്യാവശ്യമാണ്. ഇന്ത്യയിലാണെങ്കില്‍ 28 സ്ത്രീകളില്‍ ഒരാള്‍ക്ക് എന്ന നിലയിലാണേ്രത സ്തനാര്‍ബുദത്തിന്റെ കണക്ക്. ഓരോ വര്‍ഷവും കൂടുംതോറും ഇത് വര്‍ധിച്ചുവരികയാണെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
അമിതവണ്ണം പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കും നമ്മെ നയിക്കുമെന്ന് നിങ്ങള്‍ പലപ്പോഴായി കേട്ടിരിക്കാം. കൊളസ്ട്രോള്‍, ഹൃദ്രോഗം അങ്ങനെ പല അസുഖങ്ങള്‍ക്കും അമിതവണ്ണം കാരണമാാകം. അതേ രീതിയില്‍ സ്തനാര്‍ബുദത്തിനും അമിതവണ്ണം കാരണമാകാറുണ്ട്.
കോശങ്ങളില്‍ കൊഴുപ്പിന്റെ അമിത നിക്ഷേപമുണ്ടാകുമ്പോള്‍ ഈസ്ട്രജന് ഹോര്‍മോണ്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് ക്യാന്‍സറസ് കോശങ്ങളുടെ വളര്‍ച്ചയിലേക്ക് നയിച്ചേക്കാം. അതുപോലെ പ്രമേഹം, ഹോര്‍മോണ്‍ വ്യതിയാനം എന്നിവയും ഉണ്ടാകാം. ഇവയും സ്തനാര്‍ബുദത്തിലേക്ക് വഴിവെയ്ക്കാനും സാധ്യത ഉണ്ട്.
ജീവിതശൈലിയില്‍ ഡയറ്റിനുള്ള പ്രാധാന്യം പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ. നമ്മള് എന്താണ് കഴിക്കുന്നത്, അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മള്. ഉയര്‍ന്ന കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ മാത്രം കഴിക്കുന്നതും, ‘ബാലന്‍സ്ഡ്’ അല്ലാത്ത ഡയറ്റ് പിന്തുടരുന്നതും ജങ്ക്- പ്രോസസ്ഡ് ഫുഡ്, റിഫൈന്‍ഡ് കാര്‍ബ് അടങ്ങിയ ഭക്ഷണം എന്നിവയെല്ലാം പതിവാക്കുന്നതും പരോക്ഷമായി സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.
മദ്യപാനം, പുകവലി എന്നീ ശീലങ്ങളും ക്രമേണ സ്തനാര്‍ബുദത്തിന് കാരണമായി വരാറുണ്ട്. പതിവായി മദ്യപിക്കുന്ന ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം 7-10 ശതമാനം വരെ സ്തനാര്‍ബുദ സാധ്യത കൂടുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. ക്യാന്‍സര്‍ സാധ്യതയ്ക്ക് പുറമെ കരള്‍രോഗം, മാനസികപ്രശ്നങ്ങള്‍, ബിപി, കൊളസ്ട്രോള്‍ എന്നിങ്ങനെ പല വിഷമതകളും മദ്യപാനം മൂലം സ്ത്രീകളിൽ ഉണ്ടാകും.