ജിദ്ദ: ഹജ്ജ്, ഉംറ തീർഥാടകരുടെയും ബയോമെട്രിക് വിവരങ്ങൾ സ്മാർട്ട്ഫോണുകൾ വഴി സ്വയം രജിസ്റ്റർ ചെയ്യുന്നതിനുള്ള ആപ്ലിക്കേഷൻ (സൗദി വിസ ബയോ) ബ്രിട്ടനിലും ആരംഭിച്ചു. ഹജ്ജ്-ഉംറ തീർഥാടകരുടെ വരവ് എളുപ്പമാക്കാൻ സഹായിക്കുന്ന സംവിധാനം വിവിധ രാജ്യങ്ങളിൽ നടപ്പാക്കിവരുന്നതിന്റെ തുടർച്ചയായാണ് ഇപ്പോൾ യു.കെയിലും നടപ്പാക്കിയത്. അടുത്തിടെയാണ് തുനീഷ്യയിലും സംവിധാനം ആരംഭിച്ചത്. ബ്രിട്ടനിലെ സൗദി ഡെപ്യൂട്ടി അംബാസഡർ ഹസൻ അൽജമീഅ, കോൺസുലർ വിഭാഗം മേധാവി അമ്മാർ അൽഅമ്മാർ എന്നിവർ ഉദ്ഘാടന വേദിയിൽ സന്നിഹിതരായിരുന്നു.
ഇതോടെ ബ്രിട്ടനിലെ ഹജ്ജ്-ഉംറ വിസ അപേക്ഷകർക്ക് സ്മാർട്ട് ഫോണുകൾ മുഖേന അവരുടെ ബയോ മെട്രിക് വിവരങ്ങൾ രജിസ്റ്റർ ചെയ്യാം. കൂടാതെ, വിസ ലഭിക്കാൻ അതിനായുള്ള കേന്ദ്രത്തിൽ പോകേണ്ടതില്ല. ഇ-സംവിധാനത്തിലൂടെ വിസ ലഭിക്കും. സൗദിയിലെത്തുേമ്പാൾ തീർഥാടകർക്ക് പ്രവേശന കവാടങ്ങളിൽ വെച്ച് അവരുടെ ബയോ മെട്രിക് വിവരങ്ങൾ വീണ്ടും രജിസ്റ്റർ ചെയ്യാതെ പ്രവേശന നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. സ്മാർട്ട് ഫോണുകൾ വഴി വിസ അപേക്ഷകർക്ക് അവരുടെ ബയോമെട്രിക് വിവരങ്ങൾ സ്മാർട്ട് ഫോണുകൾ വഴി രജിസ്റ്റർ ചെയ്യാൻ സാധ്യമാക്കിയ ആദ്യരാജ്യമാണ് സൗദി അറേബ്യ എന്നത് ശ്രദ്ധേയമാണ്.