റിയാദ്: സൗദി അറേബ്യയിൽ വൻ മയക്കുമരുന്ന് വേട്ട. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിലായി. ജിദ്ദ തുറമുഖത്താണ് 16 ലക്ഷം മയക്ക് മരുന്ന് ഗുളികകൾ പിടികൂടിയത്. യാത്രകൾക്കായി ഒരുക്കിയിരുന്ന കാരവനകത്ത് ചരക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്.
കാരവനിൽ എത്തിയ സാധനങ്ങൾ തുറമുഖത്ത് കസ്റ്റംസ് നടപടിക്രമങ്ങൾക്ക് വിധേയമാക്കുകയും തുറമുഖത്തെ സുരക്ഷാ സാങ്കേതിക വിദ്യകളിലൂടെ പരിശോധിക്കുകയും ചെയ്തപ്പോഴാണ് ഒരു ട്രെയിലറിന്റെ തറയുടെ അടിയിലായി പ്രത്യേക അറയ്ക്കുള്ളിൽ ഒളിപ്പിച്ചുവെച്ചിരുന്ന ഗുളികകൾ കണ്ടത്തിയത്. ഈ രീതിയിൽ മയക്ക് മരുന്ന് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച മൂന്നു പേരെ അറസ്റ്റ് ചെയ്തു. ഇവരെ മേൽ നിയമ നടപടിക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.