പനാജി: ഗോവയില്‍ പെണ്‍വാണിഭ സംഘം പിടിയിലായി. ഹൈദരാബാദ് സ്വദേശി നടത്തി വന്ന പെൺവാണിഭ സംഘത്തിൽ നിന്ന് ടെലിവിഷന്‍ നടി ഉള്‍പെടെ മൂന്നുപേരെ രക്ഷപ്പെടുത്തി. പനാജിക്ക് സമീപം സങ്കോള്‍ഡ ഗ്രാമത്തിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിയായ ഹാഫിസ് സയിദ് ബിലാലാണ് (26) അറസ്റ്റിലായത്.
ക്രൈംബ്രാഞ്ച് നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് ഹാഫിസ് സയിദ് ബിലാൽ അറസ്റ്റിലായത്. അന്വേഷണ സംഘം രക്ഷപ്പെടുത്തിയ സീരിയൽ നടിയും മറ്റൊരു യുവതിയും മുംബൈക്ക് സമീപമുള്ള വിരാർ സ്വദേശിനികളും മറ്റൊരാൾ ഹൈദരാബാദ് സ്വദേശിനിയാണെന്നും ക്രൈംബ്രാഞ്ചിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. രക്ഷപ്പെട്ട മൂവരും 30-37 വയസിന് ഇടയിൽ പ്രായമുള്ളവരാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്.
പെൺവാണിഭം സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ഒരുക്കിയ കെണിയിലാണ് പ്രതി പിടിയിലായത്. ഇടപാടുകാരനാണെന്ന വ്യാജേന ഫോണിലൂടെ ബന്ധപ്പെട്ട് 50,000 രൂപയ്ക്ക് കരാർ ഉറപ്പിച്ചതിന് പിന്നാലെ മൂന്ന് യുവതികളുമായി എത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയതെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.