ഷില്ലോങ്ങ്: അടിവസ്ത്രത്തിന് മുകളിലൂടെ നടത്തുന്ന ലൈംഗിക അതിക്രമവും പീഡനത്തിന്റെ പരിധിയില്‍ വരുമെന്ന് ശരിവെച്ച് മേഘാലയ ഹൈക്കോടതി. ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം 375 (ബി) വകുപ്പ് പ്രകാരമുള്ള കുറ്റം പ്രതിക്കെതിരെ ചുമത്താന്‍ പ്രതി അര്‍ഹനാണെന്ന് കീഴ്ക്കോടതി വിധി ശരിവെച്ച് ഹൈക്കോടതി വ്യക്തമാക്കി.
10 വയസ്സുകാരിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് വാദം കേള്‍ക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ഡിവിഷന് ബെഞ്ച് ഇതിനെ സംബന്ധിച്ച് നിരീക്ഷണം നടത്തിയത്. 2006ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം നടന്ന വൈദ്യപരിശോധനയ്ക്കിടയിലും സ്വകാര്യ ഭാഗത്ത് പെണ്‍കുട്ടിക്ക് വേദന അനുഭവപ്പെട്ടിരുന്നതായി കോടതി വ്യക്തമാക്കി. മെഡിക്കല്‍ റിപ്പോര്‍ട്ട് ബലാത്സംഗം സ്ഥിരീകരിക്കുന്നുണ്ട്. കുട്ടിയുടെ അടിവസ്ത്രം മാറ്റിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടി പീഡന കുറ്റം നിലനില്‍ക്കില്ല എന്ന പ്രതിയുടെ വാദം കോടതി തള്ളുകയായിരുന്നു.സംഭവുമായി ബന്ധപ്പെട്ട് പ്രതിക്ക് പത്തുവര്‍ഷം തടവും 25000 രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്.