ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ സിഎജിയും പ്രതിരോധ സെക്രട്ടറിയുമായ ശശികാന്ത് ശര്‍മയ്ക്ക് എതിരെ സിബിഐ കുറ്റപത്രം. ഇദ്ദേഹത്തിനെതിരേ പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കാന്‍ സിബിഐ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്.
ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പിടുന്ന കാലത്ത് പ്രതിരോധ മന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറിയായിരുന്നു ശശികാന്ത് ശര്‍മ. പിന്നീട് ഇദ്ദേഹം പ്രതിരോധ സെക്രട്ടറിയും ഓഡിറ്ററുമായി.
ശശികാന്ത് ശര്‍മയെ കൂടാതെ മുന്‍ എയര്‍ വൈസ് മാര്‍ഷല്‍ ജസ്ബീര്‍ സിങ് പനേസര്‍, മുന്‍ ഡെപ്യൂട്ടി ചീഫ് ടെസ്റ്റ് പൈലറ്റ് എസ്.എ കുന്ദെ, വിങ് കമാന്‍ഡര്‍ തോമസ് മാത്യു, ഗ്രൂപ്പ് ക്യാപ്റ്റന്‍ എന്‍. സന്തോഷ് എന്നിവർക്കെതിരെയും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
2007-ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവരുടെ ആവശ്യങ്ങള്‍ക്കായി ലക്ഷ്വറി ഹെലികോപ്ടറുകള്‍ വാങ്ങാന്‍ ഇറ്റാലിയന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടത്. 12 ഹെലികോപ്ടറുകള്‍ വാങ്ങാനായിരുന്നു ധാരണ. കരാര്‍ ലഭിക്കാന്‍ ബന്ധപ്പെട്ടവരെ വേണ്ടുംവിധം കാണേണ്ടിവന്നെന്ന അഗസ്റ്റ വെസ്റ്റ്ലാന്റിന്റെ മാതൃകമ്പനി ഫിന്‍മെക്കാനമിക്കയുടെ വെളിപ്പെടുത്തലോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് 2013ല്‍ കരാര്‍ റദ്ദാക്കി.