ഹിജാബ് നിരോധനത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്. രാവിലെ 10.30 നാണ് കർണാടക ഹൈക്കോടതി വിശാല ബെഞ്ച് വിധി പറയുക.ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തിക്ക് പുറമേ ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്നതാണ് വിശാല ബെഞ്ച്.
11 ദിവസമാണ് ഹര്‍ജിയിൽ വാദം നടന്നത്. മതാചാരത്തിന്റെ ഭാഗമായി ഹിജാബ് അനുവദിക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. എന്നാൽ ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങളുടെ കൂട്ടത്തിൽ ഹിജാബ് ഉൾപ്പെടുത്താനാകില്ലെന്ന് കർണാടക സർക്കാറും വാദിച്ചിട്ടുണ്ട്. വിധി വരുംവരെ ക്ലാസ് മുറികളിൽ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് കോടതി വിലക്കുകയും ചെയ്തിരുന്നു.
അതേസമയം വിധിപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തലസ്ഥാന നഗരമായ ബെംഗളുരുവില്‍ ഒരാഴ്ച്ചത്തേക്ക് പ്രകടനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ക്രമസമാധാനം നിലനിര്‍ത്താന്‍ വേണ്ടിയാണ് ഇതെന്നാണ് സര്‍ക്കാര്‍ വാദം. വിധി വരുന്ന പശ്ചാത്തലത്തിൽ ബെംഗളുരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് കമ്മീഷണർ കമാൽ പന്ത് അറിയിച്ചു. നാളെ മുതൽ 21 വരെയാണ് നിരോധനാജ്ഞ.