റിയാദ്: സൗദി അറേബ്യയിലെ നഗരങ്ങളിൽ പൊതു ടാക്സി ചാർജ് വർധിപ്പിച്ചു. ടാക്സി ചാർജ് വർധിപ്പിച്ചതായി പൊതുഗതാഗത അതോറിറ്റിയെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പുതുക്കിയ നിരക്കനുസരിച്ച് ഏത് യാത്രയ്ക്കും ഏറ്റവും കുറഞ്ഞ ചാർജ് (നാല് യാത്രക്കാരുടെ ശേഷിയുള്ള വാഹനത്തിൽ) 10 റിയാൽ ആയിരിക്കും. നേരത്തെ ഇത് അഞ്ച് റിയാലായിരുന്നു.
ഒരു കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നതിനുള്ള ചാർജ് 1.8 റിയാലിന് പകരം 2.1 റിയാലായി ഉയർത്തി. ടാക്സി സർവിസ് ചാർജ് 16.36 ശതമാനം ഉയർത്തിയപ്പോൾ ‘ഓപ്പണിങ്’ ചാർജ് 5.5 റിയാലിന് പകരം 6.4 റിയാലായി ഉയർത്തിയിട്ടുണ്ട്. വെയ്റ്റിങ് ചാർജ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 20 കിലോമീറ്ററിൽ കുറവാണെങ്കിൽ മിനുട്ടിന് ചാർജ് 12.5 ശതമാനം വർധിക്കും.
വെയ്റ്റിങ് ചാർജ് 0.8 റിയാലിന് പകരം 0.9 റിയാൽ ആയിരിക്കും. അഞ്ചോ അതിൽ കൂടുതലോ യാത്രക്കാരെ കയറ്റാൻ കഴിയുന്ന പൊതു ടാക്സികൾക്കുള്ള ചാർജ്ജും വർധിപ്പിച്ചിട്ടുണ്ട്. മീറ്റർ ഓപ്പണിങ്ങിനുള്ള ചാർജ് 21.67 ശതമാനം ഉയർത്തി. ഇതനുസരിച്ച് പുതിയ ചാർജ് ആറ് റിയാലിന് പകരം 7.3 റിയാലായിരിക്കും. ഒരു കിലോമീറ്റർ ദൂരത്തിന് ചാർജ് രണ്ട് റിയാലിന് പകരം 2.4 റിയാലായി 20 ശതമാനം വർധിക്കും. വെയ്റ്റിങ് ചാർജ് മിനിറ്റിന് 22.22 ശതമാനം വർധിച്ച് 0.9 റിയാലിന് പകരം 1.1 റിയാലായിരിക്കും.