ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയില്‍ മമതാ ബാനര്‍ജി നടത്തിയ വിമര്‍ശനത്തിന് മറുപടിയുമായി ശശി തരൂര്‍ എംപി. ഇന്ത്യയിലെ വിവിധ പാര്‍ട്ടികള്‍ക്കുളള എംഎല്‍എമാരുടെ എണ്ണം സൂചിപ്പിക്കുന്ന ചിത്രം പങ്കുവച്ചാണ് തരൂര്‍ മമതയുടെ വിമര്‍ശനത്തെ നേരിട്ടത്.
കേന്ദ്രം ഭരിക്കുന്ന ബിജെപിയ്ക്ക് വിവിധ സംസ്ഥാനങ്ങളിലായി 1443 എംഎല്‍എമാരുണ്ട്. രണ്ടാം സ്ഥാനം കോണ്‍ഗ്രസിനാണ്. 753 എംഎല്‍എമാരാണെന്നാണ് തരൂര്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റിലുളളത്. മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് 236 എംഎല്‍എമാരാണ് ഇന്ത്യയിലാകെയുളളത്. പ്രതിപക്ഷ പാര്‍ട്ടികളില്‍ ഏറ്റവും വിശ്വാസയോഗ്യമായത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിനെ നവീകരിച്ച് തിരിച്ചു കൊണ്ടുവരണമെന്നും ശശി തരൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണെന്ന് ശശി തരൂര്‍ ഫേസ് ബുക്കില്‍ കുറിച്ചു- “ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ വിശ്വസിക്കുന്ന നമ്മളെല്ലാം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളിൽ വേദനിക്കുന്നു. കോൺഗ്രസ് നിലകൊള്ളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്ട്രത്തിന് നൽകുന്ന പോസിറ്റീവ് അജണ്ടയും വീണ്ടും ഉറപ്പിക്കുകയും ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ നമ്മുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിത്. ഒരു കാര്യം വ്യക്തമാണ്- നമുക്ക് വിജയിക്കണമെങ്കിൽ മാറ്റം അനിവാര്യമാണ്.”- തരൂര്‍ പറഞ്ഞു.
കോണ്‍ഗ്രസിനെ ആശ്രയിക്കാന്‍ കഴിയില്ലെന്നും അവര്‍ക്ക് വിശ്വാസ്യത നഷ്ടപ്പെടുകയാണെന്നുമാണ് മമത ആരോപിച്ചത്. വേണമെങ്കില്‍ 2024ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം ഒന്നിച്ച് പോരാടാമെന്നാണ് മമത പറഞ്ഞത്.