തിരുവനന്തപുരം: വിദ്യാർഥികളുടെ കൺസഷൻ നാണക്കേടെന്ന പരാമർശത്തില്‍ വിശദീകരണവുമായി ഗതാഗത മന്ത്രി ആന്‍റണി രാജു. തന്‍റെ പ്രസ്താവനയിലെ ഒരുഭാഗം അടർത്തിയെടുത്ത് ദുർവ്യാഖ്യാനം ചെയ്തു. കൺസഷൻ നിരക്ക് പരമാവധി കുറയ്ക്കാനാണ് ഗതാഗത വകുപ്പ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കണ്സഷന് താൻ എതിരല്ല. വിദ്യാർഥികൾക്ക് എതിരായ തീരുമാനം എടുക്കില്ലെന്നും തന്‍റെ വാക്കുകൾ അടർത്തിയെടുത്ത് വിവാദമാക്കുകയായിരുന്നെന്നും മന്ത്രി പറഞ്ഞു.
കൺസെഷൻ നിരക്ക് പരാമവധി കുറയ്ക്കാനാണ് ഗതാഗത വകുപ്പ് നോക്കുന്നത്. യാത്രാ നിരക്ക് വർധന അനിവാര്യമാണ്. വിദ്യാർഥി കൺസഷൻ ദോഷകരമായി ബാധിക്കാത്ത തരത്തിൽ വരുത്താനാണ് ആലോചനയെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥി സംഘടനകളുമായി ആവശ്യമെങ്കിൽ ചർച്ച നടത്തും. ബിപിഎൽ വിദ്യാർഥികൾക്ക് സമ്പൂർണ സൗജന്യയാത്ര പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
ബസ് ചാർജ് വർധന ഒരു ദിവസം കൊണ്ട് തീരുമാനിക്കാൻ കഴിയുന്ന കാര്യമല്ല. ഇടതുമുന്നണി വിഷയം ചർച്ച ചെയ്ത ശേഷമേ അന്തിമ തീരുമാനം എടുക്കൂ. വിഷയത്തിൽ കെഎസ്യുവിന്റെ പ്രതികരണം രാഷ്ട്രീയപ്രേരിതമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തനിക്കെതിരേയുള്ള കെഎസ്.യുവിന്റെ ആരോപണം രാഷ്ട്രീയ പ്രേരിതമാണ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഏറ്റവും ഒടുവില്‍ വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ ഇരട്ടിയാക്കി ഉയര്‍ത്തിയതെന്നും മന്ത്രി പറഞ്ഞു.
നിലവിലെ കണ്‍സെഷന്‍ നിരക്ക് വിദ്യാർത്ഥികൾക്ക് തന്നെ നാണക്കേടാണെന്ന ആന്‍റണി രാജുവിന്‍റെ പ്രസ്താവനയാണ് വിവാദമായത്. കൺസെഷൻ തുക വിദ്യാർത്ഥികൾ നാണക്കേടായി കാണുന്നുവെന്ന് പറഞ്ഞ മന്ത്രി പലരും അഞ്ചുരൂപ കൊടുത്താൻ ബാക്കി വാങ്ങാറില്ലെന്നും പറഞ്ഞിരുന്നു. ‘പത്ത് വർഷം മുൻപാണ് വിദ്യാർത്ഥികളുടെ കൺസെഷൻ തുക രണ്ട് രൂപയായി നിശ്ചയിച്ചത്. രണ്ട് രൂപ ഇന്ന് വിദ്യാർത്ഥികൾക്ക് തന്നെ മനപ്രയാസം ഉണ്ടാക്കുന്നു’. കൺസെഷൻ തുക വർധിപ്പിക്കേണ്ടി വരുമെന്നുമായിരുന്നു മന്ത്രി വിശദീകരിച്ചത്.
എന്നാല്‍ മന്ത്രിയുടെ പ്രസ്താവനയെ അപക്വം എന്നാണ് എസ്എഫ്ഐ വിശേഷിപ്പിച്ചത്. വിദ്യാർത്ഥി ബസ് കൺസെഷൻ ആരുടെയും ഔദാര്യമല്ല അവകാശമാണ്. നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാർത്ഥികളുടെ അവകാശമാണ് ബസ് കൺസെഷൻ. അത് വർദ്ധിപ്പിക്കുന്നത് ആലോചിക്കുമെന്നും അതോടൊപ്പം തന്നെ നിലവിലെ കൺസെഷൻ തുക കുട്ടികൾക്ക് തന്നെ നാണക്കേടാണെന്നും അഭിപ്രായം പ്രകടിപ്പിച്ച ഗതാഗതമന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാർഹമാണെന്ന് എസ്എഫ്ഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

















