മലയാളികൾ ഓർമ്മയിൽ സൂക്ഷിക്കുന്ന നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായ അനൂപ് മേനോൻ (Anoop Menon) ചെറിയൊരിടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമാകുകയാണ്. ദ് ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന 21 ഗ്രാംസ് (21 Grams) എന്ന ത്രില്ലർ ചിത്രമാണ് അനൂപ് മേനോൻറേതായി അടുത്തതായി പുറത്തുവരാനുള്ളത്. മാർച്ച് 18ന് ആണ് റിലീസ്.
ഒരു കൊലപാതകക്കേസ് അന്വേഷിക്കാനെത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലായിരിക്കും അനൂപ് മേനോൻ എത്തുക. ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി നന്ദകിഷോർ എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അഞ്ചാം പാതിര, ഫോറൻസിക്, ഓപ്പറേഷൻ ജാവ എന്നീ സിനിമകൾക്കു ശേഷം മലയാളത്തിൽ നിന്നെത്തുന്ന ത്രില്ലർ ആണ് 21 ഗ്രാംസ്. ബിബിൻ കൃഷ്ണ തന്നെയാണ് 21 ഗ്രാംസിൻറെ രചനയും നിർവഹിച്ചിരിക്കുന്നത്. മർഡർ മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ അനൂപ് മേനോനെ കൂടാതെ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ലിയോണ ലിഷോയ്, അനു മോഹൻ, രൺജി പണിക്കർ, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, മറീന മൈക്കിൾ, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.