ന്യൂഡൽഹി: പഞ്ചാബിലെ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മൻ മാർച്ച് 16ന് സത്യപ്രതിജ്ഞ ചെയ്യും. ഭഗത് സിംഗിന്റെ ജന്മനാടായ നവാൻഷഹർ ജില്ലയിലെ ഖട്കർ കാലാനിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഭഗവന്ത് പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജരിവാളിനെ ക്ഷണിച്ചിട്ടുണ്ട്. ഞായറാഴ്ച അമൃത്സറിൽ റോഡ് ഷോയും സംഘടിപ്പിക്കും.
വെള്ളിയാഴ്ച ഭഗവന്ത് മന് ഡല്‍ഹിയിലെ വസതിയിലെത്തി പാര്‍ട്ടി ദേശീയ കണ്‍വീനറായ അരവിന്ദ് കെജ്രിവാളിനെ കണ്ടു. കെജ്രിവാളും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഒന്നിച്ചാണ് ഭഗവന്തിനെ സ്വീകരിച്ചത്. കെജ്രിവാളിന്റെ കാല്‍തൊട്ട് വണങ്ങിയ ഭഗവന്ത് ഇരുവരേയും കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കിടുകയും ചെയ്തു. എഎപി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇതിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.
‘എന്റെ ഇളയ സഹോദരനായ ഭഗവന്ത് മന് പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിലേക്ക് എന്നെ ക്ഷണിക്കാനായി ഭഗവന്ത് ഇന്നു വസതിയിലെത്തി. ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ പഞ്ചാബിലെ ജനങ്ങളുടെ എല്ലാ പ്രതീക്ഷകളും നിറവേറ്റാന്‍ ഭഗവന്തിന് സാധിക്കുമെന്ന് എനിക്ക് ഉറപ്പാണ്’ – ഭഗവന്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കെജ്രിവാള് ട്വീറ്റ് ചെയ്തു.
പഞ്ചാബിൽ എഎപിക്ക് വോട്ട് ചെയ്യാത്തവർ വിഷമിക്കേണ്ടതില്ലെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വേണ്ടിയാവും സർക്കാർ പ്രവർത്തിക്കുകയെന്നും മൻ അറിയിച്ചിരുന്നു.
സ്കൂളുകളുടെ അവസ്ഥ മെച്ചപ്പെടുത്തൽ, ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യമൊരുക്കൽ, വ്യവസായം തിരികെ കൊണ്ടുവരിക, കൃഷി ലാഭകരമാക്കൽ, സ്ത്രീ സുരക്ഷ, കായിക സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയാണ് തന്റെ സർക്കാറിന്റെ പ്രധാന ലക്ഷ്യം. കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കാൻ എല്ലാ ഗ്രാമങ്ങളിലും ട്രാക്കുകളും സ്റ്റേഡിയങ്ങളും സ്ഥാപിക്കുമെന്നും മൻ പ്രഖ്യാപിച്ചു.
കോണ്‍ഗ്രസിനെ തകര്‍ത്തെറിഞ്ഞ് 117 അംഗ നിയമസഭയില്‍ 92 സീറ്റും നേടി മിന്നും ജയത്തോടെയാണ് എഎപി അധികാരത്തിലേറുന്നത്.