മനാമ: ഉംറ നിർവഹിക്കാൻ കോവിഡ് വാക്സിൻ നിർബന്ധമില്ലെന്ന് സൗദി ഹജ്ജ്-ഉംറ കാര്യ മന്ത്രാലയം അറിയിച്ചതായി നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയത്തിലെ പി.ആർ, മീഡിയ വിഭാഗം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മുഹമദ് നാസിർ അൽ മതീരി വ്യക്തമാക്കി. മക്കയിലെയും മദീനയിലെയും വിശുദ്ധ പള്ളികൾ സന്ദർശിക്കുന്നതിനും നമസ്കരിക്കുന്നതിനും ഏർപ്പെടുത്തിയിരുന്ന അനുമതി പത്ര സമ്പ്രദായവും നിർത്തലാക്കി. ഇരു ഹറമുകളിലും പ്രവേശിക്കുന്നതിന് പി.സി.ആർ ടെസ്റ്റ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കലും സാമൂഹികഅകലം പാലിക്കലും എടുത്തുകളഞ്ഞു.
എന്നാൽ, മാസ്ക് ധരിക്കണമെന്ന നിബന്ധന തുടരും. സൗദിക്ക് പുറത്തുനിന്നും ഉംറക്ക് വരുന്നവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയും നിർത്തലാക്കിയിട്ടുണ്ട്.
കൂടാതെ, പുറമെനിന്നു വരുന്നവർക്കുള്ള ഹോം ക്വാറന്റീനും ഒഴിവാക്കി. കുവൈത്തിൽനിന്നുള്ള തീർഥാടകർ നേരത്തേയുള്ള മുഴുവൻ നിബന്ധനകൾ പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.