തിരുവനന്തപുരം: വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ 5 പേര് മരിച്ച സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അഞ്ച് പേരും മരിച്ചത് പുക ശ്വസിച്ചാണെന്നും തീപിടുത്തത്തില്‍ ചിലരുടെ ശരീരത്തില്‍ പൊള്ളലേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മരിച്ചവരുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയക്കും. മരിച്ച അഞ്ച് പേരുടെയും മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
തീപിടുത്തം ഷോർട്ട് സർക്ക്യൂട്ട് കൊണ്ടാകാമെന്ന് പ്രാഥമിക നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച്. ഡിഐജി ആർ.നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തും.
തീപിടുത്തമുണ്ടായ വീടിന്റെ കാർ ഷെഡിൽ നിന്നോ ഹാളിൽ നിന്നോ തീ പടർന്നതാകാമെന്നാണ് ഇലക്ട്രിക് ഇൻസ്പക്ടറിൻ്റേയും ഫൊറൻസിക് വിഭാഗത്തിൻ്റേയും അനുമാനം. വീടിൻ്റെ കാർ ഷെഡിലുണ്ടായിരുന്ന ബൈക്കുകള്‍ കത്തിയിരുന്നു. ബൈക്കുകള്‍ക്ക് മുകളിലുണ്ടായിരുന്ന അലങ്കാര ബൾബ് കേടായി അതിൻെറ വയർ താഴേക്ക് നീണ്ടു കിടന്നു. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വയറിൽ നിന്നും തീപ്പൊരി വീണ് വാഹനങ്ങള്‍ കത്തുകയും തീ പടരുകയും ചെയ്യാമെന്നാണ് ഒരു നിഗമനം.
ഹാളിൽ തീപടർന്ന് മുഴുവൻ കത്തി നശിച്ചിരുന്നു. ഷോർട്ട് സർക്യൂട്ട് ഇവിടെയുണ്ടായോയെന്നും സംശയമുണ്ട്. പക്ഷെ സിസിടിവി പരിശോധിച്ച പൊലീസ് സംഘം കാർഷെഡിൽ നിന്നും തീപടരാനാണ് സാധ്യതയാണ് മുന്നിൽ കാണുന്നത് ദൃശ്യങ്ങളിൽ ഈ ഭാഗത്താണ് തീ ആദ്യം ഉയരുന്നത്. തീപിടുത്തമുണ്ടായ വീട്ടിലുണ്ടായിരുന്ന സിസിടിവികളുടെ ഹാർഡ് ഡിസ്ക്കും കത്തി നശിച്ചു. ഇതിലെ ദൃശ്യങ്ങള്‍ ഫൊറൻസിക് ലാബിൽ വീണ്ടെടുക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ അന്വേഷണത്തിൽ നിർണായക വഴിത്തിരവാകും. ഫൊറൻസിക് വിദഗ്ദ്ധരുടെ അന്തിമ ഫലം വേഗത്തിൽ കൈമാറാനും പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
വര്‍ക്കലയില്‍ വീടിന് തീപിടിച്ച സംഭവത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ചെറുവന്നിയൂര്‍ രാഹുല്‍ നിവാസില്‍ പ്രതാപന് എന്ന ബേബിയുടെ വീടിനാണ് തീപിടിച്ചത്. മരിച്ചവരില്‍ എട്ട് മാസം പ്രായമായ കുഞ്ഞുമുണ്ട്. പ്രതാപന്, ഭാര്യ ഷേര്‍ളി, മകന് അഖില്‍, മരുമകള്‍ അഭിരാമി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മകന് നിഹാല്‍ ചികിത്സയിലാണ്.
പുലര്‍ച്ചെ 1.45നാണ് അപകടമുണ്ടായത്. വീടിന്റെ മുന്നിലെ ബൈക്കിന് തീപിടിച്ചത് കണ്ട് നാട്ടുകാരാണ് തീ അണക്കാനുള്ള നടപടി തുടങ്ങിയത്. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്നാണ് വീടിനുള്ളിലെ തീ അണച്ചത്.