കൊച്ചി: കൊച്ചിയിൽ സിഎ വിദ്യാർത്ഥിനിയായിരുന്ന പിറവം സ്വദേശിനി മിഷേൽ ഷാജിയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവർത്തിച്ച് ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് വനിതാദിനത്തിൽ കല്ലറയ്ക്ക് മുന്നിൽ മാതാപിതാക്കൾ നിരാഹാരമിരുന്നു. അഞ്ച് വർഷമായി തുടരുന്ന പോരാട്ടാത്തിന്റെ ബാക്കിയായാണ് കുടുംബം മിഷേലിന്റെ കല്ലറയ്ക്ക് മുന്നിൽ നിരാഹാരം ഇരുന്നത് . 2017 മാർച്ച് 6 നാണ് കൊച്ചി കായലിൽ മിഷേലിന്റെ മൃതദേഹം കണ്ടെത്തിയത്. കൊച്ചിയിലെ ഹോസ്റ്റലിൽ നിന്നും പുറത്തുപോയ മിഷേലിനെ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ലോക്കൽ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തിൽ മിഷേലിന്റെ മരണം ആത്മഹത്യയാണെന്നായിരുന്നു കണ്ടെത്തിയിരുന്നത്. എങ്കിൽ ദേഹത്ത് കണ്ട പാടുകളും എഫ്ഐആറിലെ പൊരുത്തക്കേടുകളും എങ്ങനെ ഉണ്ടായെന്നാണ് പിതാവ് ഷാജി വർഗീസ് ചോദിക്കുന്നത്. മകൾക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും എല്ലാ വിവരങ്ങളും പങ്കുവെക്കുന്നയാളായിരുന്നു മിഷേലെന്നും അമ്മയും ഉറപ്പിച്ച് വ്യക്തമാക്കുന്നു.