ലോകം മുഴുവനും അന്താരാഷ്ട്ര വനിതാദിനമായി നാം ആഘോഷിക്കുമ്പോൾ സ്ത്രീകളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പല വിഷയങ്ങളും നമ്മള്‍ ചര്‍ച്ചയ്‌ക്കെടുക്കാറുണ്ട്. മിക്കപ്പോഴും സാമൂഹികമോ സാംസ്‌കാരികമോ ആയ വിഷയങ്ങളാണ് ഇത്തരത്തില്‍ ചര്‍ച്ച ചെയ്യപ്പെടാറ്.
ഇതിനോളം തന്നെ പ്രാധാന്യമുള്ളതാണ് സ്ത്രീകളുടെ ആരോഗ്യകാര്യങ്ങളും. എന്നാല്‍ പലപ്പോഴും ഇത് വനിതാദിനത്തില്‍ ചര്‍ച്ചകളില്‍ വരാറില്ല എന്നതാണ് സത്യം. ഇന്ന് മിക്ക സ്ത്രീകളും ജോലി ചെയ്യുന്നവരാണ്. കുടുംബിനികളായ സ്ത്രീകളും മണിക്കൂറുകളോളം ജോലി ചെയ്യുന്നുണ്ട്. പുറത്ത് ജോലിയുള്ളവര്‍ അതിന് ശേഷം പിന്നീട് വീട്ടിലെ ജോലികളും ചെയ്യുന്ന സാഹര്യമാണ് ഉള്ളത്.
ഈ അവസ്ഥയില്‍ കൂടുതൽ സ്ത്രീകളില്‍ ധാരാളമായി കണ്ടുവരുന്നൊരു പ്രശ്‌നമാണ് ‘സ്‌ട്രെസ്’ അഥവാ മാനസികസമ്മര്‍ദ്ദം. ‘സ്‌ട്രെസ്’ സ്ത്രീയിലും പുരുഷനിലും ആരോഗ്യപ്രശ്‌നങ്ങളിലേക്കും വിവിധ രോഗങ്ങളിലേക്കും വഴിവയ്ക്കാറുണ്ട്.എന്നാൽ , സ്ത്രീകളില്‍ ഇത് വളരെ ഗുരുതരമായ രീതിയില്‍ തന്നെ സങ്കീര്‍ണതകള്‍ സൃഷ്ടിക്കാം. അതിനാല്‍ തന്നെ ഒരിക്കലും നിസാരവത്കരിക്കാന്‍ കഴിയാത്തൊരു വിഷയമായും പുതിയ കാലത്തെ സ്ത്രീകള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ആരോഗ്യപ്രശ്‌നമായും മാനസിക സമ്മര്‍ദ്ദത്തെ കണക്കാക്കേണ്ടതുണ്ട്.
ജീവിതശൈലീ രോഗങ്ങള്‍ ( പ്രമേഹം, കൊളസ്‌ട്രോള്‍, ബിപി) വ്യായാമമില്ലായ്മ, പുകവലി എന്നിങ്ങനെയുള്ള ഘടകങ്ങള്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. ഇതിനൊപ്പം തന്നെയാണ് ‘സ്‌ട്രെസ്’ന്റെയും സ്ഥാനം. സ്ത്രീകളിലാകുമ്പോള്‍ ഇത് ഏറെ മുകളില്‍ നില്‍ക്കുന്ന കാരണമായി മാറുന്നുണ്ട്.
ആര്‍ത്തവ ക്രമക്കേടുകള്‍, ഉത്കണ്ഠ, വിഷാദം എന്ന് ഇങ്ങനെ നിത്യജീവിതത്തെ ദുസഹമാക്കുന്ന മറ്റ് അനുബന്ധ പ്രശ്‌നങ്ങള്‍ വേറെ. എങ്കിലും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നെയാണ് ഏറെയും ശ്രദ്ധിക്കാനുള്ളത്. നേരത്തെ സൂചിപ്പിച്ചത് പോലെ ബിപി, പ്രമേഹം, കൊളസട്രോള്‍ എന്നിങ്ങനെയുള്ള ജീവിതശൈലീരോഗങ്ങള്‍ കൂടിയുള്ളവരാണെങ്കില്‍ നിര്‍ബന്ധമായും സ്ത്രീകള്‍ ‘സ്‌ട്രെസ്’ കൈകാര്യം ചെയ്ത് പരിശീലിക്കേണ്ടിവരും. ഇല്ലെങ്കില്‍ തീര്‍ത്തും അപ്രതീക്ഷിതമായി ഹൃദയത്തെ ഇത് അപകടത്തിലേക്ക് കൊണ്ട് എത്തിക്കാനും സാധ്യത ഉണ്ട്.
















