വിയർപ്പോ ചെളിയോ ഇല്ലെങ്കിൽ വസ്ത്രങ്ങൾ ഒന്നോ രണ്ടോ തവണ കൂടി ഉപയോഗിക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ശരീരവുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന വസ്ത്രങ്ങൾ കഴുകാതെ തുടർച്ചയായി ധരിക്കുന്നത് ചർമ്മത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് ചൂടും ഈർപ്പവും കൂടുതലുള്ള കാലാവസ്ഥയിൽ വസ്ത്രങ്ങളുടെ ശുചിത്വത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.
അടിവസ്ത്രങ്ങളുടെ ശുചിത്വം:
ശരീരത്തിലെ വിയർപ്പും സ്വാഭാവിക സ്രവങ്ങളും നേരിട്ട് സ്പർശിക്കുന്ന ഭാഗമായതിനാൽ അടിവസ്ത്രങ്ങളിൽ ബാക്ടീരിയയും ഈർപ്പവും എളുപ്പത്തിൽ അടിഞ്ഞുകൂടാം. ഇത് ചർമ്മരോഗങ്ങൾക്ക് കാരണമാകാമെന്നതിനാൽ ദിവസവും വൃത്തിയുള്ള അടിവസ്ത്രങ്ങൾ ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
സോക്സിലെ ബാക്ടീരിയ വളർച്ച:
കാലിലെ വിയർപ്പ് കാരണം സോക്സിനുള്ളിൽ ഈർപ്പം തങ്ങിനിൽക്കുകയും, ഇത് ദുർഗന്ധത്തിനും ഫംഗസ് ബാധയ്ക്കും കാരണമാകുകയും ചെയ്യും. അതിനാൽ, പ്രത്യേകിച്ച് സ്പോർട്സ് ഷൂസിനുള്ളിൽ ദീർഘനേരം ധരിക്കുന്ന സോക്സുകൾ ദിവസവും കഴുകി മാറ്റാൻ ശ്രദ്ധിക്കണം.
വർക്ക്ഔട്ട് വസ്ത്രങ്ങൾ:
ജിമ്മിലും വർക്ക്ഔട്ടുകളിലും ഉപയോഗിക്കുന്ന ടി-ഷർട്ട്, ട്രാക്ക് പാൻ്റുകൾ, സ്പോർട്സ് ബ്രാ തുടങ്ങിയവ വിയർപ്പും എണ്ണമയവും കാരണം വേഗത്തിൽ വൃത്തിഹീനമാകുന്നു. ഇവ കഴുകാതെ വീണ്ടും ഉപയോഗിക്കുന്നത് ചർമ്മത്തിൽ അസ്വസ്ഥതകൾക്കും ദുർഗന്ധത്തിനും ഇടയാക്കും.
ടവൽ ഉപയോഗം:
വസ്ത്രങ്ങൾക്ക് പുറമെ ദിവസേന ഉപയോഗിക്കുന്ന ടവലുകൾ നനഞ്ഞ രീതിയിൽ തന്നെ വീണ്ടും ഉപയോഗിക്കുന്നത് സൂക്ഷ്മജീവികൾ വളരാൻ ഇടയാക്കും. ഉപയോഗിച്ച ടവൽ പൂർണ്ണമായി ഉണക്കി ഇടയ്ക്കിടെ കഴുകി വൃത്തിയാക്കേണ്ടതാണ്.















