തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ അധ്യാപികയ്ക്ക് നേരെ ഉണ്ടായ അതിക്രമത്തില്‍ ഇടപെടാതിരുന്നതില്‍ തെറ്റ് സമ്മതിച്ച് കണ്ടക്ടര്‍. തുടക്കത്തില്‍ ഇടപെടാതിരുന്നത് തെറ്റായിപ്പോയെന്ന് കണ്ടക്ടര്‍ ജാഫര്‍ പ്രതികരിച്ചു. അക്രമിച്ചു എന്ന പറയുന്ന ആള് മാപ്പ് പറയുകയും സീറ്റ് മാറി ഇരിക്കുകയും ചെയ്തു. വിഷയം അവസാനിച്ചു എന്ന് കരുതിയാണ് ഇടപെടാണ്ടിരുന്നത്. ആദ്യം തന്നെ ഇടപെടാതിരുന്നത് തെറ്റായി പോയി. വലിയ വിഷയമായി എടുക്കാത്തത് തന്റെ തെറ്റാണ്. മയക്കത്തിലായിരുന്നുവെന്നും യാത്രക്കാരിക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നുവെന്നും ജാഫര്‍ വ്യക്തമാക്കി.
അതേസമയം, ബസ് കണ്ടക്ടർക്കെതിരെ നടപടിയുണ്ടാകുമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി പ്രതികരിച്ചു. ബസ് ജീവനക്കാർക്കും യാത്രക്കാർക്കും സ്ത്രീ സുരക്ഷയെ കുറിച്ച് ധാരണയില്ലാതിരുന്നത് ദുഖകരമാണ്. പരാതിക്കാരിക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും, നീതി ലഭ്യമാക്കുമെന്നും പി സതീദേവി കോഴിക്കോട് മാധ്യമങ്ങളോട് പറയുകയും ചെയ്തു.