കോഴിക്കോട്: ജനങ്ങളിലേക്കിറങ്ങിച്ചെന്ന് കെ റെയിലിനെ കുറിച്ചുള്ള ആശങ്ക അകറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കെ റെയിൽ പദ്ധതി നടക്കുമെന്ന് എതിർക്കുന്നവർക്ക് പോലുമറിയാമെന്നും അത് തന്നെയാണ് എതിർപ്പിന് കാരണമെന്നും ഇപ്പോഴത്തെ സർക്കാർ ഒരു പദ്ധതിയെ കുറിച്ച് പറഞ്ഞാൽ നടക്കുമെന്ന വിശ്വാസം ജനങ്ങൾക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആർക്കാണ് ഇത്ര വേഗത്തില്‍ പോകേണ്ടതെന്ന വിമർശനം പുതിയ കാലത്തിന് യോജിച്ചതല്ലെന്നും പിണറായി പറഞ്ഞു. സിൽവർ ലൈൻ പദ്ധതി ആരെയും ഉപദ്രവിക്കാനല്ല. നാടിന്റെ വികസനത്തിന് സ്ഥലം വിട്ടു കൊടുക്കേണ്ടി വരുന്നവര്‍ അത് ചെയ്യണം. കണ്ണടച്ച് എതിർക്കുന്നവർക്കുള്ള വിശദീകരണമല്ലിതെന്നും യഥാർത്ഥ സംശയങ്ങൾക്ക് വിശദീകരണം നൽകുകയാണ് ലക്ഷ്യമെന്നും പറഞ്ഞു.
പദ്ധതി എല്ലാ രീതിയിലും പരിസ്ഥിതി സൗഹൃദമാണ്. കേരളത്തിലെ ചില പ്രദേശങ്ങൾ പരിസ്ഥിതി ലോലമാണെങ്കിലും അത്തരമിടങ്ങളിലൂടെ പാത കടന്നു പോകുന്നില്ല. 15 മീറ്റർ മുതൽ 25 മീറ്റർ വരെ വീതിയാണ് ആവശ്യമായ ഭൂമിയ്ക്ക് വേണ്ടത്. കല്ലും മണ്ണുമെല്ലാം ദേശീയ പാത വികസനത്തെക്കാൾ കുറവ് മതി. 115 കിലോമീറ്റർ പാടശേഖരത്തിൽ 88 Km ആകാശപാതയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വെള്ളപ്പൊക്ക ഭീഷണിയെന്ന വാദം ശരിയല്ലെന്നും തൂണുകളിലും തുരങ്കങ്ങളിലൂടെയുമാണ് റെയിൽ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. നാടിനെയാകെ വിഭജിക്കുന്നതല്ല പാതയെന്നും ആളുകൾക്ക് യാത്ര ചെയ്യാൻ അടിപ്പാതകൾ ഉണ്ടാകുമെന്നും അതിനാൽ അതിവേഗ റെയിലിന് സ്റ്റാൻഡേർഡ് ഗേജോണ് എല്ലായിടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യൻ റെയിൽവെയുടെ നിർദ്ദേശം അതാണെന്നു ചൂണ്ടിക്കാട്ടി. 200 കിലോമീറ്ററാണ് സിൽവർ ലൈൻ പ്രവർത്തന വേഗതയെന്നും സംരക്ഷിത വേലികൾ ഉണ്ടാകുമെന്നും പറഞ്ഞു. തിരൂർ മുതൽ തിരുവനന്തപുരം വരെ നിലവിലെ റെയിൽ പാത വളവും തിരിവുമുള്ളതാണ്. അതിനാൽ ഗ്രീൻഫീൽഡ് പാത വേണം. അല്ലാത്തിടത്തെല്ലാം നിലവിലെ റെയിൽ പാതയ്ക്ക് സമാന്തരമായി തന്നെയാണ് സിൽവർ ലൈൻ നിർമിക്കുക. ഇതുവഴി റോഡപകടങ്ങൾ 30 ശതമാനം കുറയ്ക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
യാത്രാ സമയം കുറയ്ക്കുന്നത് ആവശ്യമായതിനാലാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും അതിനുവേണ്ട എല്ലാ അനുമതിയും ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.