നടൻ മേള രഘുവിന്റെ മകൾ ശിൽപ ശശിധർ പങ്കുവച്ചൊരു വിഡിയോ പ്രേക്ഷകരുടെ മനസ് നിറയ്ക്കുകയാണ്. ഉറപ്പിച്ചു വച്ച ശിൽപയുടെ വിവാഹം നടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു അച്ഛൻ രഘുവിന്റെ വിയോഗം. രഘുവിന്റെ മരണശേഷം ആറ് മാസം കഴിഞ്ഞ് സെപ്റ്റംബർ 12നായിരുന്നു വിവാഹം. വിവാഹഫോട്ടോയിൽ അച്ഛൻ കൂടെ ഇല്ലാത്തതിന്റെ സങ്കടം ശിൽപയ്ക്കും അമ്മ ശ്യാമളയ്ക്കും ഉണ്ടായിരുന്നു. ഇപ്പോഴിതാ അമ്മയുടെ പിറന്നാൾ ദിനത്തിൽ അച്ഛനെ കൂടി ചേർത്തുനിർത്തിയുള്ള തന്റെ വിവാഹഫോട്ടോ സമ്മാനമായി നൽകിയിരിക്കുകയാണ് ശിൽപ.
‘എല്ലാ ചിത്രങ്ങൾക്കും ഒരു കഥ പറയാനുണ്ട്’ എന്ന് കുറിച്ചുകൊണ്ടാണ് ശിൽപ വിഡിയോ പങ്കുവച്ചിരിക്കുന്നത്. സർപ്രൈസ് ആയി ഈ ഫോട്ടോഫ്രെയിം തുറക്കുന്നതും അത് കണ്ട് ശിൽപയുടെ അമ്മ ശ്യാമള ചിരിക്കുന്നതുമൊക്കെയാണ് വിഡിയോയിലുള്ളത്. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ അജില ജാനീഷ് (കളർ പെൻസിൽസ്) ആണ് മേള രഘുവിൻറെ ചിത്രം ചേർത്തുവച്ചുകൊണ്ട് ശിൽപയുടെ വിവാഹ ചിത്രം ഒരുക്കിയത്.
ഈ ഫോട്ടോ ഫ്രെയിം ചെയ്യുന്നതിനായി അദ്ദേഹത്തിന്റെ മകൾ എനിക്ക് എഴുതിയ വാക്കുകൾ ഇങ്ങനെ ആയിരുന്നു. ‘ഇത് എൻറെ അച്ഛൻറെ ഫോട്ടോ ആണ്. പേര് മേള രഘു (ശശിധരൻ). കഴിഞ്ഞ മെയ് 3 ന് ആണ് അച്ഛൻ മരണം അടയുന്നത്. അച്ഛൻറെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു എൻറെ വിവാഹം. പക്ഷേ അതിനു കാത്ത് നിൽക്കാതെ അച്ഛൻ പോയി. ഏപ്രിൽ 25 ന് ആയിരുന്നു കല്യാണം നിശ്ചയിച്ചിരുന്നത്. പക്ഷേ ഏപ്രിൽ 16ന് അച്ഛൻ ഹൈപ്പോഗ്ലൈസീമിയ ആയി അഡ്മിറ്റ് ആയി. മരിക്കുന്ന സമയം വരെ ആൾ കോമയിൽ ആയിരുന്നു. ഒന്ന് മിണ്ടാൻ പോലും കഴിഞ്ഞില്ല. അച്ഛൻ തിരിച്ചു വരും എന്ന പ്രതീക്ഷയിൽ കല്യാണം വരെ മാറ്റി വച്ചു. പക്ഷേ അച്ഛൻ തിരികെ വന്നില്ല.