ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച പ്രിയ നടനാണ് മുരളി ഗോപി. ഭരത് ഗോപി എന്ന അനശ്വര നടന്റെ മകനെന്ന മേല്‍വിലാസം മാത്രമായിരുന്നു അന്ന് മുരളി ഗോപിക്ക് ഉണ്ടായിരുന്നത്. പിന്നീട് മലയാള സിനിമയിൽ ഒഴിച്ചുകൂടാനാകാത്ത തിരക്കഥാകൃത്തായും നടനായും അദ്ദേഹം മാറി. ലൂസിഫർ ഉൾപ്പടെയുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് മുരളി ഗോപിയുടെ തുലികയിലൂടെ ജീവൻവച്ചു.
1972 മാർച്ച് 4നു തിരുവനന്തപുരത്ത്, ഭരത് ഗോപിയുടെയും ജയലക്ഷ്മിയുടെയും മൂത്ത മകനായിട്ടായിരുന്നു മുരളി ഗോപിയുടെ ജനിച്ചത്. ഭരത് ഗോപിയുടെ മകനായ മുരളി ഗോപിയെ സംബന്ധിച്ച് സിനിമ കുട്ടിക്കാലത്തു തന്നെ മനസ്സിൽ കയറിയ സ്വപ്നമായിരുന്നു. രസികൻ എന്ന ചിത്രത്തിന് തിരക്കഥ എഴുതി മുരളി ഗോപി ആ സ്വപ്നത്തിലേക്ക് ചുവടുവച്ചു. ചിത്രത്തിൽ പ്രധാന വില്ലനായും മുരളി അഭിനയിച്ചു. കുറച്ചു കാലങ്ങൾക്ക് ശേഷം സിനിമ വിട്ട അദ്ദേഹം, അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ബ്ലെസി ഒരുക്കിയ ഭ്രമരം എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തെത്തി. അതിൽ മോഹൻലാൽ ആയിരുന്നു നായകൻ.
പിന്നീട് ചില രചനകളിലൂടെ മുരളി ഗോപി മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം കൈവരിച്ചു. മുരളി ഗോപിയുടെ രചനയിൽ പുറത്തുവന്ന ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, എന്നി ചിത്രങ്ങൾ അക്കാലത്തെ വളരെ ശ്രദ്ധനേടിയ രചനകൾ ആയിരുന്നു. കാലഘട്ടത്തിന്റെ മാറ്റത്തെക്കാളുപരി എഴുതാൻ ഉദ്ദേശിക്കുന്ന ആശയം, പശ്ചാത്തലം എന്നിവയ്ക്ക് തന്റേതായ വ്യാകരണമുണ്ടാക്കുന്ന ആളുകൂടിയാണ് മുരളി ഗോപി.