ഡൽഹി: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ദൗത്യവുമായി സഹകരിക്കാമെന്ന് റഷ്യ. ഇന്ത്യയിലെ റഷ്യൻ അംബാസിഡർ ഡെനീസ് അലിപോവ് ആണ് രക്ഷാദൗത്യത്തിൽ സഹകരിക്കാനുള്ള റഷ്യയുടെ സന്നദ്ധത അറിയിച്ചത്. യുക്രൈൻ്റെ കിഴക്കൻ അതിർത്തിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ റഷ്യ വഴി ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ സഹായിക്കണമെന്ന് ഇന്ത്യ പലവട്ടം റഷ്യയോട് ആവർത്തിച്ചിരുന്നു.പക്ഷെ ഇതിനോട് റഷ്യ ഇതുവരെ പ്രതികരിച്ചിരുന്നില്ല.
റഷ്യൻ അംബാസിഡർ അനുകൂലമായി പ്രതികരിച്ചെങ്കിലും എപ്പോൾ മുതൽ രക്ഷാപ്രവർത്തനം തുടങ്ങുമെന്ന് വ്യക്തമല്ല. മാനുഷിക പരിഗണന നൽകി യുക്രൈനിൽ കുടുങ്ങിയവർക്ക് തിരികെ വരാൻ സുരക്ഷിത പാതയൊരുക്കാം എന്നാണ് റഷ്യ ഇപ്പോൾ പറയുന്നത്. ഖർഖീവ്, സുമി നഗരങ്ങളിലായി കുടുങ്ങി കിടക്കുന്ന നാലായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികളെ റഷ്യ വഴി പുറത്ത് എത്തിക്കാനുള്ള ആലോചനയാണ് നിലവിലുള്ളത്. ഇതിനു സാധിച്ചാൽ യുക്രൈൻ രക്ഷാദൗത്യത്തിലെ നിർണായക പ്രതിസന്ധി ഒഴിയുകയും ചെയ്യും.