കൊച്ചി: യുക്രൈനിൽ കുടങ്ങി പോയ 247 മലയാളി വിദ്യാർത്ഥികളെ മാർച്ച് ഒന്ന് വരെ തിരിച്ചെത്തിക്കാനായെന്ന് നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. ഇന്ന് ഏഴ് വിമാനങ്ങൾ കൂടി യുക്രൈൻ്റെ സമീപരാജ്യങ്ങളിൽ നിന്നായി എത്തുന്നുണ്ട്. ഡൽഹിയിലും മുംബൈയിലുമായി എത്തുന്ന വിദ്യാർത്ഥികളെ കേരളത്തിലേക്ക് കൊണ്ടു വരാനായി ചാർട്ടേഡ് വിമാനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.
3500-ലേറെ വിദ്യാർത്ഥികൾ യുക്രൈനിൽ നിന്നും മടങ്ങിയെത്താനായി നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എന്നാൽ 152 പേർ മാത്രമാണ് നോർക്കയിൽ രജിസ്റ്റർ ചെയ്ത ശേഷം യുക്രൈനിൽ പഠനത്തിനായി പോയതെന്നും ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. വിദേശത്ത് പഠിക്കാൻ പോകുന്നവരുടെ കൃത്യമായ പേരുവിവരം നോർക്കയുടെ കൈയ്യിൽ ഇല്ല. വിദേശത്ത് പോകുന്ന എല്ലാവരും നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.