കീവ്: യുക്രെയ്നിൽ റഷ്യയുടെ ആക്രമണം തുടരുന്നതിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള രണ്ടാം റൗണ്ട് സമാധന ചർച്ച ബുധനാഴ്ച നടക്കും. ബെലാറൂസ്- പോളണ്ട് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുന്നത്. റഷ്യയുടെ ടാസ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
തിങ്കളാഴ്ച ബെലാറൂസിൽ ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ആദ്യ റൗണ്ട് ചർച്ച നടത്തിയിരുന്നു. എന്നാൽ തീരുമാനമാകാതെ പിരിയുകയായിരുന്നു.
അഞ്ചരമണിക്കൂറാണ് യുക്രെയ്ൻ, റഷ്യൻ പ്രതിനിധികൾ ബെലാറൂസ് അതിർത്തി നഗരമായ ഗോമലിൽ ചർച്ച നടത്തിയത്. സമ്പൂർണ സേനാ പിന്മാറ്റം വേണമെന്നും ക്രിമിയയിൽനിന്നും ഡോണ്ബാസിൽനിന്നും റഷ്യൻ സേന പിന്മാറണമെന്നും യുക്രെയ്ൻ ആവശ്യപ്പെട്ടു.
യുക്രൈനിലൂടെ കിഴക്കന്‍ യൂറോപ്യന്‍ മേഖലയിലേക്കുള്ള അമേരിക്കന്‍ വേരോട്ടം തടയലാണ് റഷ്യ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ആദ്യ ഘട്ട ചര്‍ച്ച ഫലം കാണാതായതോടെയാണ് രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയത്.