ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയർ ഇന്ത്യയുടെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സ്ഥാനവും മാനേജിങ് ഡയറക്ടര്‍ സ്ഥാനവും നിരസിച്ച് മെഹ്‌മത് ഇൽകർ എയ്‌സി. സ്ഥാനം ഏറ്റെടുക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെയാണ് എയ്‌സിയുടെ പുതിയ പ്രഖ്യാപനമെന്ന് വ്യോമയാന വ്യവസായ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.’തന്റെ നിയമനത്തെ ഇന്ത്യൻ മാധ്യമങ്ങൾ ‘നിറം’ നൽകിയതായി’ മെഹ്‌മത് ഇൽകർ എയ്‌സി പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
‘അത്തരമൊരു ആഖ്യാനത്തിന്റെ നിഴലിൽ സ്ഥാനം സ്വീകരിക്കുന്നത് പ്രായോഗികമോ മാന്യമായ തീരുമാനമോ ആയിരിക്കില്ല എന്ന നിഗമനത്തിലാണ് ഞാൻ എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ടാറ്റ ഗ്രൂപ്പ് ചെയർമാൻ ചന്ദ്രശേഖരനുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയിൽ താൻ സ്ഥാനം ഒഴിയുകയാണെന്ന് ഖേദപൂർവ്വം അറിയിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.