ജനീവ: യുഎന്‍ പൊതുസഭയുടെ അടിയന്തര യോഗം തുടങ്ങി. യുക്രൈനില്‍ റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തിലാണ് അപൂര്‍വമായി മാത്രം നടക്കാറുള്ള അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.
റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയം യോഗത്തില്‍ ചര്‍ച്ച ചെയ്യും. പതിനഞ്ചംഗ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളില്‍ 11 പേരും പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തിരുന്നു. 1956 മുതലുള്ള ചരിത്രത്തിലെ 11-ാമത് അടിയന്തര യോഗമാണ് ഇന്ന് രാത്രി നടക്കുന്നത്.
യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് 193 അംഗങ്ങളുമായി വിശദമായി ചര്‍ച്ച ചെയ്ത് സുപ്രധാന നടപടികള്‍ കൈക്കൊള്ളാനാണ് ഐക്യരാഷ്ട്ര സഭയുടെ നീക്കം. കിഴക്കന്‍ ജെറുസലേമില്‍ ഇസ്രയേല്‍ ഹൗസിംഗ് സെറ്റില്‍മെന്റ് ഉണ്ടാക്കിയ പശ്ചാത്തലത്തില്‍ 1997ലാണ് ഇതിന് മുന്‍പ് യു എന്‍ അടിയന്തരയോഗം ചേര്‍ന്നിട്ടുള്ളത്.
റഷ്യൻ സൈനികർ എത്രയും വേഗം യുക്രെയ്നിൽനിന്ന് മടങ്ങണമെന്നും യുക്രെയ്നികളെ സംരക്ഷിക്കണമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസ് ആവശ്യപ്പെട്ടു. റഷ്യയുടെ ആണവായുധ ഭീഷണി അസ്വീകാര്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, യുക്രെയ്ൻ അധിനിവേശത്തിന് പദ്ധതിയില്ലെന്ന് യുഎന്നിൽ റഷ്യ അറിയിച്ചു. ഇതിനിടെ, യുക്രെയ്ൻ-റഷ്യ സമാധാന ചർച്ച ബെലാറൂസിൽ അവസാനിച്ചു. യുക്രെയ്നില്‍ നിന്നും റഷ്യയുടെ സേനാപിന്മാറ്റവും വെടിനിർത്തലുമാണ് പ്രധാന ചർച്ചയായത്. യുക്രെയ്ന് പ്രതിരോധമന്ത്രി ഒലെക്സി റെസ്നിക്കോവും സംഘത്തിലുണ്ടായിരുന്നു. ഉപാധികളില്ലാത്ത ചര്‍ച്ചയാണെന്നാണ് റഷ്യയുടെ പ്രതികരണം.
















