ന്യൂഡൽഹി: യുക്രെയ്നിലെ ഇന്ത്യക്കാരോട് പരിഭ്രാന്തരാകരുതെന്ന് വിദേശകാര്യമന്ത്രാലയം. ഇന്ത്യക്കാരോട് പടിഞ്ഞാൻ യുക്രെയ്നിലേക്ക് നീങ്ങാനും കേന്ദ്രം നിർദേശം നൽകി. എന്നാൽ പടിഞ്ഞാറൻ യുക്രെയ്നിൽ തിരക്കുള്ളതിനാൽ നേരിട്ട് അതിർത്തിയിലെത്തരുത്. അടുത്തുള്ള നഗരങ്ങളിലേക്ക് പോയി അവിടെ അഭയം തേടുക. അവിടെ തങ്ങൾ വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നുണ്ട്. നമ്മുടെ ടീമുകൾ നിങ്ങളെ സഹായിക്കും. ഇന്ത്യയിലേക്ക് മതിയായ വിമാനങ്ങൾ ഉണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അതിർത്തിയിലുള്ള നാല് രാജ്യങ്ങളിലേക്ക് പ്രത്യേക ദൂതന്മാരെ വിന്യസിക്കാനും തീരുമാനമായി. കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ റൊമാനിയയിലേക്കും കിരണ്‍ റിജിജു സ്ലോവാക് റിപ്പബ്ലിക്കിലേക്കും ഹർദീപ് പുരി ഹംഗറിയിലേക്കും വി.കെ. സിംഗ് പോളണ്ടിലേക്കും പോകും. ഒഴിപ്പിക്കൽ നടപടികൾ ഏകോപിപ്പിക്കാനും മേൽനോട്ടം വഹിക്കാനുമാണ് കേന്ദ്രമന്ത്രിമാർ അതിർത്തിയിലേക്ക് പോകുന്നത്.
നിലവിൽ 1400 ഇന്ത്യൻ പൗരന്മാരുമായി ആറ് വിമാനങ്ങൾ എത്തിയിട്ടുണ്ട്. ബുക്കാറെസ്റ്റിൽ നിന്ന് നാല് വിമാനങ്ങളും ബുഡാപെസ്റ്റിൽ നിന്ന് രണ്ട് വിമാനങ്ങളും എത്തിയെന്ന് വിദേശരകാര്യാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.