കിയവ്: റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനിടെ 102 യുക്രെയ്ൻ സാധാരണക്കാർ കൊല്ലപ്പെടുകയും ഏകദേശം 376 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു. യുക്രെയ്നിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് സാരമായ നാശമുണ്ടാകുകയും നൂറുകണക്കിന് വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭ പറഞ്ഞു. യുദ്ധത്തിനിടെയുള്ള ഷെല്ലാക്രമണത്തിൽ രാജ്യത്തെ നിരവധി പാലങ്ങളും റോഡുകളും തകർന്നിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകൾ ദിവസങ്ങളോളം വൈദ്യുതിയോ വെള്ളമോ ഇല്ലാതെ ജീവിക്കാൻ നിർബന്ധിതരായതായും വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യ്തിട്ടുണ്ട്.
റഷ്യ- യുക്രെയ്‌ൻ അധിനിവേശത്തെക്കുറിച്ചുള്ള ചർച്ചകൾക്കായി 193 രാജ്യങ്ങളുൾപ്പെടുന്ന പൊതുസഭയുടെയും 15 അംഗ സുരക്ഷാ കൗൺസിലിൻറെയും പ്രത്യേക യോഗം തിങ്കളാഴ്ച നടത്തുമെന്ന് ഐക്യരാഷ്ട്രസഭ നേരത്തെ അറിയിച്ചിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഐക്യരാഷ്ട്രസഭ ഇത്തരത്തിലൊരു അടിയന്തിര യോഗം ചേരുന്നത്. യോഗത്തിൽ എല്ലാ യു.എൻ അംഗങ്ങൾക്കും യുദ്ധത്തെക്കുറിച്ച് സംസാരിക്കാനും പ്രമേയത്തിൽ വോട്ടുചെയ്യാനുമുള്ള അവസരം നൽകുമെന്നും അധികൃതർ പറഞ്ഞു.