തിരുവനന്തപുരം: വീടിനു മുന്നിൽ നിർത്തിയിട്ട തന്റെ കാർ അടിച്ച് തകർത്ത സംഭവത്തിൽ പ്രതികരണവുമായി എംഎൽഎ. സംഭവം ആസൂത്രിതമെന്ന് കോവളം എംഎൽഎ എം വിൻസൻറ്. പട്ടാപ്പകൽ ആക്രമണം നടന്നിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നും നാട്ടുകാർ പിടികൂടിയപ്പോൾ അക്രമി മാനസിക അസ്വാസ്ഥ്യം അഭിനയിക്കുന്നെന്നും എംഎൽഎ ആരോപിക്കുന്നു.
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് കോവളം എംഎൽഎ, എം വിൻസന്റിന്റെ തിരുവനന്തപുരം ബാലരാമപുരത്തെ വീടിന് മുന്നിൽ നിർത്തിയിട്ട കാർ അടിച്ചു തകർത്തത്. ഉച്ചക്കട സ്വദേശി സന്തോഷ് (27) എന്നയാളാണ് കാറിന്റെ ചില്ലുകൾ അടിച്ച് തകർത്തത്. അക്രമിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. സംഭവത്തിൽ കേസ് എടുത്തുവെന്നാണ് ബാലരാമപുരം പൊലീസ് അറിയിച്ചത്. മുല്ലപ്പെരിയാർ ഡാം പൊട്ടാൻ പോകുകയാണെന്നും എംഎൽഎ ഒരു നടപടിയും എടുത്തില്ലെന്നും പറഞ്ഞാണ് കാർ തകർത്തതെന്നും പ്രതി മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നുമാണ് പൊലീസ് പറയുന്നത്.